മഞ്ചേരി മെഡിക്കല്‍ കോളേജ് അപകടാവസ്ഥയില്‍; അടിയന്തര സ്ട്രക്ച്ചറല്‍ ഓഡിറ്റിങ്ങിന് ശുപാര്‍ശ

Jaihind News Bureau
Friday, March 6, 2026

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കെട്ടിടങ്ങള്‍ അതീവ അപകടാവസ്ഥയിലെന്ന് പി.ഡബ്ല്യു.ഡി റിപ്പോര്‍ട്ട്. കോളേജിലെ എ, ബി, സി ബ്ലോക്കുകള്‍ കാലപ്പഴക്കം ചെന്നതാണെന്നും ഇതില്‍ ബി, സി ബ്ലോക്കുകള്‍ ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്‍കിയ പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. PWD റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഏഴ് മാസം പിന്നിട്ടിട്ടും ആശുപത്രിയിലെ സ്ട്രക്ച്ചറല്‍ ഓഡിറ്റിങ് നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. യുഡിഎഫ് കൊണ്ടു വന്ന മഞ്ചേരി മെഡിക്കല്‍ കോളേജിനോടുള്ള പിണറായി സര്‍ക്കാരിന്റെ അനാസ്ഥയാണ് മെല്ലെപ്പോക്ക് സമീപനം വ്യക്തമാക്കുന്നത്.

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടങ്ങള്‍ അതീവ അപകടാവസ്ഥയിലെന്നത് സംബന്ധിച്ച പി.ഡബ്ല്യു.ഡി റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്. ആശുപത്രി കെട്ടിടങ്ങളുടെ തകര്‍ച്ച, എ, ബി, സി ബ്ലോക്കുകള്‍ കാലപ്പഴക്കം ചെന്നതാണെന്നും ഇതില്‍ ബി, സി ബ്ലോക്കുകള്‍ ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്‍കിയ പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബി ബ്ലോക്കിന്റെ പല ഭാഗങ്ങളിലും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴുകയാണ്. പ്ലാസ്റ്ററിങ് നടത്തി പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും സിമന്റ് പാളികള്‍ ഇളകി മാറുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

ബി ബ്ലോക്കിനൊപ്പം ടോയ്‌ലറ്റ് ബ്ലോക്കുകളും ഉപയോഗശൂന്യമായ നിലയിലാണ്. ഇവ അറ്റകുറ്റപ്പണി നടത്തിയാല്‍ സുരക്ഷിതമാകുമോ എന്ന കാര്യത്തില്‍ എഞ്ചിനീയറിംഗ് വിഭാഗം സംശയം പ്രകടിപ്പിക്കുന്നു. സ്ട്രക്ച്ചറല്‍ ഓഡിറ്റിങ്: കെട്ടിടങ്ങള്‍ ഇനിയും ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന് ഉറപ്പുവരുത്താന്‍ അടിയന്തരമായി സ്ട്രക്ച്ചറല്‍ ഓഡിറ്റിങ് നടത്തണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. എന്‍.ഐ.ടി എഞ്ചിനീയറിംഗ് കോളേജിനെക്കൊണ്ട് ഈ പരിശോധന നടത്തണമെന്നാണ് നിര്‍ദ്ദേശം. മാസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടും അധികൃതരുടെ അനാസ്ഥതുടരുന്നതാണ് അതീവ ഗൗരവകരം.

കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധനയ്ക്കും വിദഗ്ധ പഠനത്തിനുമായി ശുപാര്‍ശ നല്‍കിയത് 2025 ഓഗസ്റ്റിലാണ്. എന്നാല്‍ ഏഴ് മാസം പിന്നിട്ടിട്ടും സ്ട്രക്ച്ചറല്‍ ഓഡിറ്റിങ് നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. രോഗികളും ജീവനക്കാരും നിത്യേന എത്തുന്ന ജില്ലയിലെ പ്രധാന ആശുപത്രി കെട്ടിടത്തിന്റെ കാര്യത്തിലാണ് അധികൃതരുടെ ഈ മെല്ലെപ്പോക്ക്. നിലവില്‍ കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് കൃത്യമായ ഓഡിറ്റിങ് റിപ്പോര്‍ട്ട് വരുന്നത് വരെ ആശുപത്രിയുടെ പ്രവര്‍ത്തനം ആശങ്ക നിഴലിലാണ്. അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ വലിയൊരു ദുരന്തത്തിന് മഞ്ചേരി മെഡിക്കല്‍ കോളേജ് സാക്ഷിയാകേണ്ടി വരുമെന്നാണ് ജീവനക്കാരും രോഗികളും ഭയപ്പെടുന്നത്. 2013 സെപ്തംബര്‍ ഒന്നിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ആശുപത്രി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നുവന്ന ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ മഞ്ചേരി മെഡിക്കല്‍കോളേജിന്റെ വികസനത്തിനായി കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്ന ആക്ഷേപം നിലനില്‍ക്കെയാണ് കെട്ടിട്ടങ്ങളുടെ അപകടാവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ട് അവഗണിച്ച ആരോഗ്യവകുപ്പിന്റെ നടപടിയും ചര്‍ച്ചയാകുന്നത്.