തിരുവനന്തപുരം : മണിയാർ ജലവൈദ്യുത പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് അയച്ചു. കർശനവും വേഗത്തിലുമുള്ള തീരുമാനം ഉണ്ടാകണമെന്ന് കത്തിൽ കുറിച്ചു. പദ്ധതി സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ ജനത്തോടു കാണിക്കുന്ന ഗുരുതരമായ ക്രമക്കേടും വഞ്ചനയും ആയിരിക്കുമെന്നും അദേഹം കത്തില്‍ പറഞ്ഞു.
കേരളത്തിന്‍റെ വൈദ്യുതി മേഖല സ്വകാര്യ കുത്തക കമ്പനികൾക്ക് തീറെഴുതാനുള്ള നീക്കമാണ് പിണറായി സർക്കാരിന്‍റേതെന്നും 12 മെഗാവാട്ട് മണിയാർ ജല വൈദ്യുത പദ്ധതി കരാർ കാർബോറണ്ടം ഗ്രൂപ്പിന് 25 വർഷം കൂടി നീട്ടിനൽകാനുള്ള നീക്കത്തിന് പിന്നിൽ വലിയ അഴിമതിയാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് പിണറായി സർക്കാരിന്‍റെ അഴിമതികളുടെ കൂട്ടത്തിൽ മറ്റൊരു പൊൻതൂവലാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി കോൺഗ്രസ് രംഗത്തിറങ്ങുമെന്നും ഈ കരാറിൽ നിന്ന് സർക്കാർ പിൻമാറണമെന്നും അദ്ദേഹം പറഞ്ഞു.