മണിപ്പുർ കലാപം: പാർലമെന്‍റില്‍ ഇന്നും ശക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷം

Jaihind Webdesk
Tuesday, August 1, 2023

 

ന്യൂഡല്‍ഹി: മണിപ്പൂരില്‍ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കാര്യക്ഷമമായി ഇടപെടാത്ത കേന്ദ്ര-സംസ്ഥാന ബിജെപി സർക്കാരുകളുടെ നിലപാടിനെതിരെ പാർലമെന്‍റിൽ ഇന്നും ശക്തമായി പ്രതിഷേധത്തിന് പ്രതിപക്ഷം. മണിപ്പുർ കലാപത്തിൽ പ്രധാനമന്ത്രി സഭയിൽ വിശദീകരണം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഡൽഹി ഓർഡിനൻസിന് പകരമുള്ള ബിൽ ഇന്ന് കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിക്കും.

‘ഇന്ത്യ’ പ്രതിപക്ഷ സഖ്യത്തിൽ നിന്നുള്ള 21 എംപിമാരുടെ പ്രതിനിധി സംഘം മണിപ്പൂരിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തിയിരുന്നു. ഇംഫാൽ, മൊയ്‌റാംഗ്, ചുരാചന്ദ്പൂർ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് സംഘർഷത്തിൽ ഇരയായവരെയും കുടുംബാംഗങ്ങളെയും എംപിമാർ സന്ദർശിച്ചു. ഗവർണർ അനുസൂയ യൂകിയുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.

ഹൃദയഭേദകമായ കാഴ്ചകളാണ് തങ്ങള്‍ക്ക് മണിപ്പൂരില്‍ കാണാനായതെന്ന് എംപിമാരുടെ സംഘം പറഞ്ഞു. ആവശ്യമായ ഭക്ഷണമോ ശുചിമുറി സൗകര്യമോ പോലും ഇല്ലാതെയാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ ജനം തിങ്ങി ഞെരുങ്ങിക്കഴിയുന്നത്. ഇവർക്ക് ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാന സർക്കാര്‍ ഒരുക്കുന്നില്ലെന്നും പ്രതിനിധി സംഘം ചൂണ്ടിക്കാട്ടി. മണിപ്പൂരില്‍ സ്ഥിഗതികള്‍ ഏറ്റവും വഷളായിട്ടും നിരവധി പേർ അതിദാരുണമായി കൊല്ലപ്പെട്ടിട്ടും മൗനം തുടരുന്ന പ്രധാനമന്ത്രിയുടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും നിലപാടില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.