ഇംഫാല്‍: ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനവേദിക്ക് ഇംഫാലില്‍ അനുമതി നിഷേധിച്ച് മണിപ്പുര്‍ സര്‍ക്കാര്‍. ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ പരിപാടി സംഘടിപ്പിക്കാനുള്ള അനുമതിയാണ് നിഷേധിച്ചത്. അതേസമയം യാത്ര മണിപ്പൂരിൽ നിന്ന് തന്നെ തുടങ്ങുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.
മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽ നിന്നും ജനുവരി 14-ന് യാത്ര ആരംഭിക്കാനായിരുന്നു തീരുമാനം. സംസ്ഥാനത്തെ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാനമെന്നാണ് മണിപ്പുർ സർക്കാർ അറിയിച്ചിരിക്കുന്നത്. അനുമതിയുടെ വിഷയം പരിഗണനയിലുണ്ടെന്നും വിവിധ സുരക്ഷാ ഏജൻസികളിൽ നിന്നുള്ള റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി എന്‍. ബീരേന്‍ സിംഗ് അറിയിച്ചു.
എന്നാല്‍ യാത്ര മണിപ്പൂരില്‍ നിന്നു തന്നെ ആരംഭിക്കുമെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ്. കിഴക്ക് നിന്നും പടിഞ്ഞാറോട്ട് യാത്ര ആരംഭിക്കുമ്പോൾ മണിപ്പൂരിനെ എങ്ങനെ ഒഴിവാക്കാന്‍ സാധിക്കുമെന്ന് കെ.സി. വേണുഗോപാല്‍ എംപി ചോദിച്ചു. ഇത് രാഷ്ട്രീയ പരിപാടിയല്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ യാത്രയെ പേടിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം. സംഘർഷനാളുകളിൽ മണിപ്പൂർ സന്ദർശിച്ച് സമാധാന സന്ദേശം നൽകിയ നേതാവാണ് രാഹുൽ ഗാന്ധി. വേദിക്ക് അനുമതി നിഷേധിച്ചതിലൂടെ എന്ത് സന്ദേശമാണ് രാജ്യത്തെ ജനങ്ങൾക്ക് നൽകുന്നതെന്നും മണിപ്പൂരിലെ മറ്റൊരു പ്രദേശത്ത് നിന്നും യാത്ര ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഭരണഘടനയെ സംരക്ഷിക്കൂ’ എന്നതാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ മുദ്രാവാക്യം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോണ്‍ഗ്രസിന്‍റെ യാത്ര. മണിപ്പുരിൽ നിന്നും ആരംഭിച്ച് 55 ദിവസങ്ങള്‍ കൊണ്ട് മുംബൈയില്‍ മാര്‍ച്ച് 20-ന് സമാപിക്കുന്ന രീതിയിലാണ് യാത്ര വിഭാവനം ചെയ്തിരിക്കുന്നത്. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകുന്നയാത്ര 6713 കിലോമീറ്റർ ദൂരം സഞ്ചരിക്കും.