ഈസ്റ്റർ പ്രവൃത്തിദിനമാക്കി മണിപ്പുർ സർക്കാർ; പ്രതിഷേധം

Jaihind Webdesk
Thursday, March 28, 2024

 

ഇംഫാല്‍: ഈസ്റ്റര്‍ പ്രവൃത്തിദിനമാക്കി മണിപ്പുര്‍ സര്‍ക്കാര്‍. ഈസ്റ്റർ ദിനമായ മാര്‍ച്ച് 30 നും 31 നും എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മണിപ്പുര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്‌കെയാണ് പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് ഉത്തരവിട്ടത്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, കോര്‍പറേഷനുകള്‍, സൊസൈറ്റികള്‍ എന്നിവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

സാമ്പത്തികവര്‍ഷത്തിന്‍റെ അവസാന ദിനങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ഈ ദിവസങ്ങള്‍ പ്രവൃത്തിദിനമാക്കിയിരിക്കുന്നതെന്നാണ് ഉത്തരവിലെ വിശദീകരണം. ഈസ്റ്റര്‍ ദിവസം പ്രവൃത്തിദിനമാക്കിയതില്‍ ക്രിസ്ത്യാനികള്‍ ഏറെയുള്ള മണിപ്പൂരില്‍ പ്രതിഷേധം ഉയരുന്നുണ്ട്. തീരുമാനത്തിനെതിരെ കുകി വിഭാഗം എതിർപ്പുമായി രംഗത്ത് വന്നു.