മണിപ്പൂർ കലാപം: മൂന്നംഗ വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍

Jaihind Webdesk
Wednesday, May 17, 2023

 

ന്യൂഡല്‍ഹി: കലാപകലുഷിതമായ മണിപ്പൂർ സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനായി മൂന്നംഗ വസ്തുതാന്വേഷണ സംഘത്തെ നിയോഗിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ക്രൈസ്തവ ദേവാലയങ്ങൾക്കും ക്രിസ്തുമത വിശ്വാസികൾക്കുമെതിരെ നടന്ന വ്യാപക ആക്രമണങ്ങളിലേക്ക് നയിച്ച കാരണങ്ങളും സംസ്ഥാനത്തെ നിലവിലെ സാഹചര്യവും പഠിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ നിർദേശം.

എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് എംപി, മുൻ എംപി ഡോ. അജോയ് കുമാർ, സുധീപ് റോയ് ബർമൻ എംഎൽഎ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കലാപത്തില്‍ ഒറ്റപ്പെട്ട ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാരിന് കഴിയാത്തതിൽ മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (MPCC) നേരത്തെ ആശങ്ക ഉന്നയിച്ചിരുന്നു. വർഗീയ സംഘർഷം തുടരുമ്പോഴും ദുരിതബാധിതരെ സഹായിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കാത്തതിനെയും കോണ്‍ഗ്രസ് ചോദ്യം ചെയ്തിരുന്നു.