മണിപ്പൂരിൽ വീണ്ടും സംഘർഷം; 13 പേർ കൊല്ലപ്പെട്ടു

Jaihind Webdesk
Monday, December 4, 2023

മണിപ്പൂരിൽ വീണ്ടും സംഘർഷം. തെങ്‌നൗപാൽ ജില്ലയിലാണ് സംഭവം.  തിങ്കളാഴ്ച നടന്ന അക്രമത്തിൽ 13 പേർ കൊല്ലപ്പെട്ടു. രണ്ട് സംഘങ്ങള്‍ തമ്മിലാണ് വെടിവെപ്പുണ്ടായത്. തെങ്‌നൗപാൽ ജില്ലയിലെ സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിലായിരുന്നു വെടിവെയ്പ്പ് നടന്നത്. വെടിവെപ്പിന്‍റെ സൂചന ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് 13 മൃതദേഹങ്ങൾ കണ്ടെത്തിയത്. അക്രമം നടന്ന സ്ഥലത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് സുരക്ഷാ സേനയുടെ ക്യാമ്പ്.

സേന സ്ഥലത്തെത്തിയപ്പോൾ ലീത്തു ഗ്രാമത്തിൽ 13 മൃതദേഹങ്ങൾ കണ്ടെത്തിയെന്നും അധികൃതർ അറിയിച്ചു. മൃതദേഹങ്ങൾക്കരികിൽ ആയുധങ്ങളൊന്നും സൈന്യം കണ്ടെത്തിയില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ചവർ ലീത്തു മേഖലയിൽ നിന്നുള്ളവരല്ലെന്നും മറ്റൊരിടത്ത് നിന്ന് വന്നവരാകാമെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചു കഴിഞ്ഞുവെന്നും അധികൃതർ വ്യക്തമാക്കി. മെയ് 3 മുതലാണ് മണിപ്പൂരിൽ മെയ്തേയ്, കുക്കി സമുദായങ്ങൾ തമ്മിലുള്ള വംശീയ സംഘർഷങ്ങൾ രൂക്ഷമായത്.