തിരുവനന്തപുരം:വിലക്കയറ്റ വിഷയത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. ഈ വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്ത്രപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയത്. വിലക്കയറ്റത്തില്‍ ജനങ്ങളുടെ ആശങ്ക സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ടി വി ഇബ്രാഹിം എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.
എന്നാല്‍ വിലക്കയറ്റം ദേശീയ പ്രതിഭാസം ആണ്, സർക്കാർ വിപണിയില്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും മന്ത്രി ജി ആര് അനിൽ മറുപടി നല്‍കിയതിനാലാണ് അടിയന്ത്രപ്രമേയത്തിന് അനുമതി നിഷേധിച്ചത്. മന്ത്രിയുടെ മറുപടിക്ക് പിന്നാലെ പതിനഞ്ചാം നിയമസഭ കണ്ട ഏറ്റവും വലിയ തമാശയാണ് മന്ത്രി പറഞ്ഞതെന്ന് ടി വി ഇബ്രാഹിം പ്രതികരിച്ചു.
തുടര്‍ന്ന് പച്ചക്കറി വിലയെ സംബന്ധിച്ച് എന്തെങ്കിലും ധാരണ പ്രതിപക്ഷ എംഎൽഎമാർക്കുണ്ടോയെന്ന് മന്ത്രി ജി ആര് അനിൽ ചോദിച്ചു. ഇതിന് നിങ്ങളാരും പച്ചക്കറി വാങ്ങുന്നില്ലേയെന്ന് പ്രതിപക്ഷ നേതാവ് മറുചോദ്യം ഉന്നയിച്ചു. മന്ത്രിമാർ മറുപടി പറയുമ്പോൾ ശ്രദ്ധക്കണം, പ്രതിപക്ഷത്തെ പുച്ഛിച്ചു ആക്ഷേപിച്ചാണോ മറുപടി പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. വിപണിയിൽ കൃത്രിമമായി വിലക്കയറ്റം ഉണ്ടാക്കുന്നുണ്ട് . സബ്സിഡി കൊടുക്കുന്നതിന് അപ്പുറം എന്ത് ഇടപെടലാണ് സർക്കാർ നടത്തിയത്. വിലക്കയറ്റം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.