മോദി രാജ്യത്തിന് നല്‍കിയത് പൊള്ളയായ വികസനത്തിന്‍റെ കുമിളകള്‍ : മണി ശങ്കര്‍അയ്യര്‍

Jaihind News Bureau
Tuesday, December 3, 2019

മോദി രാജ്യത്തിന് നല്‍കിയത് പൊള്ളയായ വികസനത്തിന്‍റെ കുമിളകളെന്ന് മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മണി ശങ്കര്‍അയ്യര്‍ പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പതിറ്റാണ്ടുകളായി നേടിയ വികസന മൂല്യങ്ങളെ തച്ചുതകര്‍ത്ത് പൊള്ളയായ വികസന വാഗ്ദാനങ്ങള്‍ നല്‍കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മറ്റിയും, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ അക്കാദമിയും സംയുക്തമായി വടകരയിൽ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവ ഭാരതമെന്ന മോദിയുടെ വാഗ്ദാനം കോര്‍പറേറ്റുകള്‍ക്ക് മാത്രമായി ഒതുങ്ങി. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ സ്വപ്‌നം പൊലിയുകയാണെന്ന് അടുത്തു നടന്ന തെരഞ്ഞെടുപ്പുകള്‍ എല്ലാം കാണിക്കുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമല്ല, അത് ദേശീയതയിലൂന്നിയ വികാരമാണന്നും മണിശങ്കർ അയ്യർ പറഞ്ഞു. അത് അധികാരത്തിൽ തിരിച്ചുവരികതന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ സാമ്പത്തിക വിദഗ്ദന്‍ ബി.എ പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അധ്യക്ഷനായി. എന്‍. സുബ്രഹ്മണ്യന്‍, അഡ്വ. ഇ. നാരായണന്‍ നായര്‍, അഡ്വ. കെ. പ്രവീണ്‍കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.