പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് മലയാളി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മംഗളുരു റൂറല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശിവകുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദ്ര, കോണ്‍സ്റ്റബിള്‍ യല്ലയിങ്ക എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് വഴിയില്‍ കിടന്ന അഷ്റഫിനെ പൊലീസ് ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന ആരോപണത്തിന് പിന്നാലെയാണ് നടപടി. അഷ്രഫ് കൊല്ലപ്പെട്ട് 3 ദിവസം കഴിഞ്ഞാണ് ആള്‍ക്കൂട്ട കൊലപാതകമെന്ന വകുപ്പ് ചുമത്തി കേസെടുത്തത്.
മംഗളൂരു ആള്‍ക്കൂട്ടാക്രമണത്തില്‍ വയനാട് പുല്‍പ്പള്ളി സ്വദേശി മുഹമ്മദ് അഷ്റഫാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചായിരുന്നു ആള്‍ക്കൂട്ടം യുവാവിനെ മര്‍ദ്ദിച്ചു കൊന്നത്. എന്നാല്‍ കൊല്ലപ്പെട്ട അഷ്റഫിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സഹോദരന്‍ അബ്ദുള്‍ ജബാര്‍ പറയുന്നത്. മരണകാരണം ആള്‍ക്കൂട്ട ആക്രമണമാണ്. കേസില്‍ 20 പേര്‍ക്കെതിരെ കേസെടുത്തു. അഷ്റഫിന്റെ മൃതദേപം നാട്ടിലെത്തിച്ചു. അഷ്റഫിന്റെ കുടുംബം വയനാട് പുല്‍പ്പള്ളിയില്‍ നിന്നും കോട്ടയ്ക്കല്‍ പറപ്പൂരിലെത്തി. ചോലക്കുണ്ട് ജുമാ മസ്ജിദിലാണ് കബറടക്കം നടക്കുന്നത്.