‘മലപ്പുറം ക്രിമിനല്‍‍ പ്രവർത്തനങ്ങള്‍ക്ക് പേരുകേട്ട ജില്ല’ : പാലക്കാട് ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചാരണവുമായി മനേകാ ഗാന്ധി, ഏറ്റെടുത്ത് പ്രവർത്തകരും

Jaihind News Bureau
Thursday, June 4, 2020

 

പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ ഗര്‍ഭിണിയായ ആന സ്‌ഫോടക വസ്തു നിറച്ച കൈതച്ചക്ക കഴിച്ച് ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.പിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മനേകാ ഗാന്ധി. മലപ്പുറം അതിന്‍റെ തീവ്ര ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പ്രശസ്തമാണെന്നായിരുന്നു മനേക ഗാന്ധിയുടെ വിദ്വേഷ പരാമർശം. മനേകാ ഗാന്ധിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ബി.ജെ.പി പ്രവര്‍ത്തകരും  രംഗത്തെത്തി.

‘മലപ്പുറം അതിന്‍റെ തീവ്ര ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ച് മൃഗങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ പ്രശസ്തമാണ്. മൃഗങ്ങള്‍ക്കെതിരെ അക്രമം നടത്തുന്ന ഒരാള്‍ക്കെതിരെ പോലും ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ അത് തുടരുന്നു’ –  മനേകാ ഗാന്ധി ട്വീറ്റ് ചെയ്തു.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആനകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മനേക ഗാന്ധി വനം മന്ത്രി കെ രാജുവിന് അയച്ച കത്തില്‍ പറയുന്നു. ക്രൂരതകള്‍ക്ക് ഇരയായി അറുന്നൂറോളം ആനകള്‍ ചരിഞ്ഞതായും കുറിപ്പില്‍ പറയുന്നു.

അക്രമ പ്രവർത്തനങ്ങള്‍ക്ക്, പ്രത്യേകിച്ച് മൃഗങ്ങള്‍ക്കെതിരായ അക്രമങ്ങളില്‍ മലപ്പുറം ജില്ല പേരുകേട്ടതാണെന്ന് പറഞ്ഞ മനേക,  മൃഗങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളില്‍ നടപടിയെടുക്കാത്തതാണ് ഇത് തുടരുന്നതിന് കാരണമെന്നും  ആരോപിച്ചു.