ഇന്ത്യന്‍ ജനത വെച്ച ‘ചെക്കി’ല്‍ പതറിയ മോദി | ലേഖനം

 

ബി.എസ്. ഷിജു

നരേന്ദ്ര മോദിയുടെ സ്വേച്ഛാധിപത്യത്തിന് ഇന്ത്യന്‍ ജനത വെച്ച ചെക്കാണ് 18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജനവിധി. വെളുക്കെ ചിരിക്കുന്ന ഫോട്ടോയും വാറന്‍റിയില്ലാത്ത ഗ്യാരന്‍റിയും സ്വയം ദൈവ അവതാരം ചമയലുമൊക്കെ നടത്തിയിട്ടും 400 പോയിട്ട് 300 സീറ്റുകള്‍ നേടാന്‍ പോലും വിശ്വഗുരുവിനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കുമായില്ല. ഇത്തവണ ചെങ്കോലേന്തണമെങ്കില്‍ നിതീഷും നായിഡുവും കനിയണം. 4.79 ലക്ഷമായിരുന്ന വാരണാസിയിലെ ഭൂരിപക്ഷം ഇത്തവണ 1.52 ലക്ഷമായെന്ന് അറിയുമ്പോഴെങ്കിലും ‘വിശ്വഗുരു’ തന്‍റെ ഗ്രാഫിലെ താഴ്ച മനസിലാക്കുമോയെന്നകാര്യത്തിലാകട്ടെ വ്യക്തതയുമില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി തന്‍റെ നേതൃത്വത്തില്‍ നടത്തിയ ഏകാധിപത്യ ഭരണത്തിനെതിരായ ശക്തമായ വികാരത്തിന്‍റെ പ്രതിഫലനമാണിതെന്ന് ഇനിയെങ്കിലും മോദി തിരിച്ചറിയുമോ എന്നത് കാത്തിരുന്ന് കാണണം. ഭീഷണിപ്പെടുത്തിയുണ്ടാക്കിയ അവസാനത്തെ രണ്ട് സഖ്യമില്ലായിരുന്നെങ്കില്‍ മോദിക്ക് ശിഷ്ടകാലം കന്യാകുമാരിയിലെ വിവേകാന്ദപ്പാറയില്‍ തന്നെ തപസിരിക്കാമായിരുന്നു. കഴിഞ്ഞ തവണ നേടിയ 303-ല്‍ നിന്നും 63 സീറ്റുകളാണ് ബി.ജെ.പിക്ക് നഷ്ടമായത്. 2019-ല്‍ 37.36 ശതമാനമാനം വോട്ടുകളാണ് അവര്‍ നേടിയതെങ്കില്‍ ഇത്തവണ അത് 36.6 ആയി കുറഞ്ഞിരിക്കുകയാണ്. 400 സീറ്റുകള്‍ കടന്നാല്‍ ആര്‍എസ്എസിന്‍റെ ശതാബ്ദി വര്‍ഷത്തില്‍ ഭരണഘടന പൊളിച്ചെഴുതാനായിരുന്നു പദ്ധതി. തങ്ങളുടെ സംരക്ഷണകവചമായ ഭരണഘടന തൊടാന്‍ സമ്മതിക്കില്ലെന്നതാണ് ഈ ജനവിധിയുടെ ചുവരെഴുത്ത്. മോദിയും ഷായും ആവനാഴിയിലെ അമ്പുകളെല്ലാം മാറിമാറി പ്രയോഗിച്ചിട്ടും കഴിഞ്ഞ തവണത്തേതിലും ഒരു സീറ്റ് കൂടുതല്‍ നേടാന്‍ കഴിഞ്ഞില്ല എന്നതിനെ ഒരു വിജയമായി കാണാന്‍ കഴിയില്ല.

‘ഇസ് ബാര്‍ ചാര്‍ സൗ പാര്‍’ എന്നതാണ് (ഇത്തവണ 400 കടക്കും) തുടക്കം മുതല്‍ മോദിയും കൂട്ടരും ഉയര്‍ത്തിയ മുദ്രാവാക്യം. ആ ആത്മവിശ്വാസത്തോടെയായിരുന്നു പ്രചാരണ രംഗത്തുണ്ടായിരുന്നതും. എന്നാല്‍ ആദ്യ രണ്ടു ഘട്ട വോട്ടിംഗ് പൂര്‍ത്തിയായതോടെ ആത്മവിശ്വാസം അങ്കലാപ്പായി പരിണമിച്ചു. അന്തിമ ഫലം വ്യക്തമാക്കുന്നത് ബിജെപിയുടെ പരമ്പരാഗത വോട്ടുബാങ്കുകളില്‍ വലിയ വിള്ളലുണ്ടായി എന്നതാണ്. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ അടിത്തറയിളകി എന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. ഒരേസമയം ദളിത് വോട്ടുകളും ബ്രാഹ്മണ വോട്ടുകളും അവിടെ ബിജെപിക്ക് നഷ്ടമായി. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ തവണ നേടിയത് 63 സീറ്റുകളായിരുന്നു. ഇത്തവണ അത് 33 ആയാണ് കുറഞ്ഞിരിക്കുന്നത്.

കോണ്‍ഗ്രസിന്‍റേതാകട്ടെ ശക്തമായ തിരിച്ചുവരവും. പാര്‍ട്ടിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് വ്യക്തമാക്കുന്നതാണ് ജനവിധി. ഭരണഘടനയുടെ സംരക്ഷത്തിന് വേണ്ടി പോരാടിയ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. 2014-ലെ തിരഞ്ഞെടുപ്പില്‍ 44 സീറ്റുകളിലും 2019-ലെ തിരഞ്ഞെടുപ്പില്‍ 52 സീറ്റുകളിലും ഒതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ അംഗബലം 99 ആയി ഉയര്‍ത്തി. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന സ്വപ്നം പേറി നടക്കുന്ന മോദി-അമിത് ഷാ കൂട്ടുകെട്ടിനുള്ള തിരിച്ചടിയാണ് കോണ്‍ഗ്രസിന്‍റെ ഈ മടങ്ങിവരവ്. രാഹുല്‍ ഗാന്ധിയുടെ വയസിനോളം സീറ്റ് ഇത്തവണ കോണ്‍ഗ്രസിന് ലഭിക്കില്ലെന്നായിരുന്നു പ്രചാരണത്തിലുടനീളം മോദിയുടെ പരിഹാസം. പ്രതിപക്ഷം പോലും ആക്കാതിരിക്കാന്‍ കേട്ടുകേള്‍വിയില്ലാത്ത കുതന്ത്രങ്ങള്‍ ഒന്നൊന്നായി പുറത്തെടുത്തു. അവിടെ നിന്നാണ് കോണ്‍ഗ്രസ് സെഞ്ച്വറിക്ക് അടുത്തെത്തിയത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നിവടങ്ങളില്‍ കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തി. അതേസമയം മധ്യപ്രദേശ്, ഗുജറാത്ത് എന്നിവടങ്ങളില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. കോണ്‍ഗ്രസിന്‍റെ വോട്ടിംഗ് ശതമാനത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായി. 2019-ല്‍ 19.5 ശതമാനമായിരുന്ന വോട്ടിംഗ് ശതമാനം 21.2 ശതമാനമായാണ് ഉയര്‍ന്നത്. 25-ഓളം മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതാകട്ടെ തുച്ഛമായ വോട്ടുകള്‍ക്കും.

രാഹുലിന്‍റെ വെറുതെയാകാത്ത യാത്രകള്‍

ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസിന്‍റെ ശക്തമായ തിരിച്ചുവരവ് രാഹുല്‍ഗാന്ധിയുടെ സമാനതകളില്ലാത്ത പോരാട്ടത്തിന്‍റെ ഫലമാണ്. ഇക്കാര്യം അദ്ദേഹത്തിന്‍റെ സ്ഥിരം വിമര്‍ശകര്‍ക്ക് പോലും സമ്മതിക്കേണ്ടിവരും. കോണ്‍ഗ്രസിന്‍റെ ഈ തിരിച്ചുവരവില്‍ രാഹുല്‍ ഗാന്ധി നടത്തിയ ഒന്നാം ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയുമാണ് നിര്‍ണായകമായത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 4000 കിലോമീറ്റര്‍ ദൂരം ഇന്ത്യയുടെ ജനമനസുകളെ തൊട്ടറിഞ്ഞ് രാഹുല്‍ നടത്തിയ ഭാരത് ജോഡോ യാത്രയും പിന്നാലെ മണിപ്പൂരില്‍ നിന്ന് മുംബൈയിലേക്ക് 6700 കിലോമീറ്ററോളം ദൂരം പിന്നിട്ട ഭാരജ് ജോഡോ ന്യായ് യാത്രയും കോണ്‍ഗ്രസ് കുതിപ്പില്‍ ഊര്‍ജ്ജം പകര്‍ന്നു. കര്‍ഷകരും യുവാക്കളും സ്ത്രീകളും വിദ്യാര്‍ത്ഥികളും അടക്കം സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ളവരുമായി സംവദിച്ചും ആശ്വാസം പകര്‍ന്നുമുള്ള രാഹുലിന്‍റെ യാത്രകള്‍ വെറുതെ ആയില്ല എന്ന് വ്യക്തമാക്കുന്നതാണ് ജനവിധി. രാഹുല്‍ ഗാന്ധി നടന്നുനീങ്ങിയ വഴികളില്‍ കോണ്‍ഗ്രസിന് വിജയഭേരിയോടെ എംപിമാരുണ്ടായ തെളിമയുള്ള ചിത്രമാണ് വോട്ടണ്ണല്‍ ദിവസം കാണാന്‍ കഴിഞ്ഞത്. ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് തുടക്കം കുറിച്ച, കാവി ഭരണം കടിച്ചുകീറിയ മണിപ്പൂരിലെ രണ്ടു സീറ്റും ആ യാത്ര 6700 കിലോമീറ്റര്‍ പിന്നിട്ട് സമാപിച്ച മഹാരാഷ്ട്രയിലെ മികച്ച വിജയവും രാഹുല്‍ ഗാന്ധിയുടെ കഠിനാധ്വാനത്തിന് ലഭിച്ച പ്രതിഫലമാണ്.

കോണ്‍ഗ്രസ് പ്രചാരണം മുന്നില്‍ നിന്ന് നയിച്ചതും രാഹുല്‍ഗാന്ധിയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി റാലികളും റോഡ് ഷോയും അടക്കം 107 തിരഞ്ഞെടുപ്പ് പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തു. മോദി ഭരണത്തിന്‍റെ പരാജയങ്ങള്‍ തുറന്നു കാട്ടിയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചുമായിരുന്നു പ്രചാരണം. അദ്ദേഹം മുന്നോട്ടുവെച്ചത് ഈ രാജ്യത്തെ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ക്കും ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും പിറന്ന മണ്ണില്‍ അന്തസോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന വാഗ്ദാനമായിരുന്നു. ഒരു ശക്തിയേയും ഭരണഘടനയില്‍ തൊടാന്‍ സമ്മതിക്കില്ലെന്നും ഓരോ യോഗങ്ങളിലും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. അതൊരു അലകടല്‍ പോലെ ജനഹൃദയങ്ങളില്‍ അലയടിച്ചുവെന്ന് വ്യക്തമാകുന്നതാണ് തിരഞ്ഞെടുപ്പില്‍ കണ്ടത്. ഇത്തരത്തില്‍ എല്ലാ ഭാഗങ്ങളിലും ആവേശം പടര്‍ത്തുന്ന സാന്നിധ്യമാകാന്‍ അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ടുതന്നെയാണ് ഈ തിരിച്ചുവരവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ അവിശ്വസിച്ചവര്‍ക്കും പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയാകുന്നത്.

രാജ്യത്തിന്‍റെ കെട്ടുറപ്പിനായി കോണ്‍ഗ്രസിന്‍റെ വിട്ടുവീഴ്ച

ഇന്ത്യയില്‍ ജനാധിപത്യം പുനസ്ഥാപിക്കണമെന്നും മതേതരത്വം പുലരണമെന്നും ആഗ്രഹക്കുന്ന സമാന ചിന്താഗതിക്കാരായ 26 രാഷ്ട്രീയ പാര്‍ട്ടികളെ കോര്‍ത്തിണക്കി ഇന്ത്യാ മുന്നണി രൂപീകരിച്ചതാണ് ഈ തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന്‍റെ ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന്. ഇന്ത്യയെ വീണ്ടടുക്കുകയെന്ന ഏക വികാരത്തില്‍ മുന്നണിയിലെ ഓരോ പാര്‍ട്ടികള്‍ക്കിടയിലേയും അഭിപ്രായ വ്യത്യസങ്ങള്‍ അലിഞ്ഞില്ലാതാകുകയായിരുന്നു. മുന്നില്‍ നിന്ന് നയിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ സീറ്റ് വിഭജനത്തിലടക്കം കോണ്‍ഗ്രസ് വലിയ വിട്ടുവീഴ്ചകള്‍ക്ക് തയാറായി. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 419 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചതെങ്കില്‍ ഇത്തവണ മത്സരിച്ചത് 328 മണ്ഡലങ്ങളിലാണ്. ജനാധിപത്യ, മതേതര ചേരിയിലെ വോട്ടുകള്‍ ഭിന്നിക്കരുതെന്ന ഏക ചിന്തയുടെ അടിസ്ഥാനത്തിലാണ് ഈ വിട്ടുവിഴ്ചയ്ക്ക് കോണ്‍ഗ്രസ് തയാറായത്. ഇന്നലെ വന്ന ജനവിധിയില്‍ കോണ്‍ഗ്രസ് പ്രകടനപത്രിയുടെ പങ്കും ചെറുതല്ല. ഈ തിരഞ്ഞെടുപ്പിലെ ‘യഥാര്‍ത്ഥ ഹീറോ’ എന്നാണ് കോണ്‍ഗ്രസ് പ്രകടന പത്രികയെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ വിശേഷിപ്പിച്ചത്. മാസങ്ങളോളം സമയമെടുത്ത്, വിവിധ ജനവിഭാഗങ്ങളുമായി ആശയവിനിമയം നടത്തി തയാറാക്കിയ അഞ്ച് മേഖലകളില്‍ നീതി ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തോടെയുള്ള ന്യായ് പത്രികയ്ക്ക് വലിയ സ്വീകര്യതയാണ് പൊതുസമൂഹത്തില്‍ ലഭിച്ചത്. മുന്‍ധനമന്ത്രിയായ പി. ചിദംബരം അധ്യക്ഷനായ സമിതി തയാറാക്കിയ കോണ്‍ഗ്രസ് പ്രകടന പത്രികയുടെ നെടുംതൂണ് ഹിമാചല്‍ പ്രദേശ്, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ മുന്നോട്ടുവെച്ച ഗ്യാരന്‍റികളായിരുന്നു. ക്ഷേമരാഷ്ട്രം പടുത്തുയര്‍ത്താന്‍ തൊഴില്‍, വരുമാനം, ക്ഷേമം എന്നിവയിലധിഷ്ഠിതമായ നീതിയായിരുന്നു അതിന്‍റെ കാതല്‍. അതേസമയം മോദി ഗ്യാരന്‍റി എന്നപേരില്‍ ബിജെപി പുറത്തിറക്കിയ പ്രകടന പത്രിക ‘ജുംല’ പത്രികയാണെന്ന വിമര്‍ശനം ഉയരുകയും ചെയ്തു. കോണ്‍ഗ്രസിന്‍റെ മിന്നും പ്രകടനത്തില്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പിയങ്കാ ഗാന്ധി എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വഹിച്ച പങ്ക് ചെറുതല്ല. 81 വയസുകാരനായ ഖാര്‍ഗെ വിശ്രമില്ലാതെ നൂറോളം റാലികളില്‍ പങ്കെടുക്കുകയും 50-ഓളം പത്രസമ്മേളനങ്ങള്‍ നടത്തുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ ഫലപ്രദമായ ഏകോപനത്തില്‍ എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ കഠിന പ്രയത്നം എടുത്തുപറയേണ്ടിയിരിക്കുന്നു. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെയും ഭാരത് ജോഡോ ന്യായ് യാത്രയുടെയും മുഖ്യ സംഘാടകനും കെ.സി. വേണുഗോപാലായിരുന്നു. അഞ്ചുവര്‍ഷം മുമ്പ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി എത്തുമ്പോള്‍ അതീവ ദുര്‍ബലാവസ്ഥയിലായിരുന്നു പാര്‍ട്ടിയുടെ സംഘടനാ സംവിധാനം. അവിടെ നിന്ന് ഈ തിരിച്ചുവരവിലേക്ക് സംഘടനാ സംവിധാനത്തെ രൂപപ്പെടുത്തിയെടുത്തതിലുള്ള കെ.സി. വേണുഗോപാലിന്‍റെ ശ്രമങ്ങള്‍ കോണ്‍ഗ്രസ് ചരിത്രത്തില്‍ ഇടംപിടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മഹാരാഷ്ട്രയില്‍ ഇന്ത്യാ സഖ്യം നേടിയ മുന്നേറ്റത്തില്‍ സംസ്ഥാനത്തിന്‍റെ ചുമതല വഹിക്കുന്ന പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയ്ക്കും ചെറുതല്ലാത്ത റോളുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രധാന ഘടകമായിരുന്നു. പരമ്പരാഗത ചട്ടക്കൂടുകളില്‍ നിന്നും പുറത്തിറങ്ങി, പ്രൊഫഷണലിസത്തിന്‍റെ പിന്‍ബലത്തോടെ എല്ലാ ഘടങ്ങളും പരിഗണിച്ചുള്ളതായിരുന്നു ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയം. അത് മുന്നേറ്റത്തിന് സഹായകരമായി.

വിഷം വാരിവിതറിയിട്ടും വിളവെടുക്കാനായില്ല

മോദിയും കൂട്ടരും വര്‍ഗീയതയും മതവിദ്വേഷവും ആളിക്കത്തിക്കാന്‍ ശ്രമിച്ചിട്ടും കേവല ഭൂരിപക്ഷത്തിനാവശ്യമായ 272 എന്ന സംഖ്യയിലെത്താനാവര്‍ക്കായില്ല. പ്രചാരണത്തിനിടെ അങ്ങേയറ്റം ക്രൂരവും പൈശാചികവുമായ വിദ്വേഷ പ്രസംഗങ്ങളാണ് രാജ്യത്തിന്‍റെ പ്രധാനമന്ത്രി പദം രണ്ടു തവണ കൈയാളിയ മോദിയില്‍ നിന്നുണ്ടായത്. ചില സമുദായങ്ങള്‍ ദേശീയ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാണെന്ന തരത്തിലടക്കമുള്ളതടക്കം അങ്ങേയറ്റം പ്രകോപനപരമായ പ്രസ്താവന വരെ ഇതിലുണ്ട്. ഒന്നിലധികം റാലികളിലാണ് മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്‌ലിം മതവിഭാഗത്തെ അവഹേളിക്കുന്ന പ്രസ്താവന അദ്ദേഹം നടത്തിയത്. രാജസ്ഥാനില്‍ നടത്തിയ പ്രസംഗത്തില്‍ മുസ്‌ലീങ്ങളെ ‘നുഴഞ്ഞുകയറ്റക്കാർ’ എന്നു വിളിക്കുകയും അവര്‍ക്ക് വലിയ കുടുംബങ്ങളുണ്ടെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഝാര്‍ഖണ്ഡില്‍, ‘വോട്ട് ജിഹാദ് എന്ന പ്രയോഗം നടത്തി. ആദിവാസികളില്‍ നിന്നും മറ്റ് സമുദായങ്ങളില്‍ നിന്നും സ്വത്തുക്കള്‍ പിടിച്ചെടുത്ത് മുസ്‌ലീങ്ങള്‍ക്ക് നല്‍കുമെന്ന പ്രസ്താവന നടത്തി. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ പ്രസ്താവനകളൊക്കെയും. എന്നാല്‍ ഇത്തരം ധ്രുവീകരണ ശ്രമങ്ങളൊന്നും വേണ്ടരീതിയില്‍ ഫലം കണ്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ജനവിധി.

കോണ്‍ഗ്രസ് പോരാടിയത് പ്രതികൂല ഘടകങ്ങള്‍ക്ക് നടുവില്‍

പ്രതിപക്ഷത്തിനെതിരെ മുമ്പ് രണ്ട് തിരഞ്ഞെടുപ്പുകളിലും കണ്ടിട്ടില്ലാത്ത പ്രതികാര നീക്കങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരില്‍ നിന്നുമൊക്കെ ഉണ്ടായത്. പ്രതിപക്ഷ മുന്നേറ്റത്തെയും ഐക്യത്തെയും ചെറുക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ തുടര്‍ക്കഥയായി. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും സിബിഐയുമെല്ലാം ബിജെപിയുടെ പോഷക സംഘടനകളെപ്പോലെയാണ് പ്രവര്‍ത്തിച്ചത്. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും അറസ്റ്റ് ചെയ്ത് തുറങ്കില്‍ അടച്ചു. ഇന്ത്യാ സഖ്യത്തിന്‍റെ രൂപീകരണത്തിന് നേതൃത്വം കൊടുത്ത നിതീഷ് കുമാര്‍ മുന്നണി വിട്ടത് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ഭീഷണി മൂലമാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. പ്രതിപക്ഷ നിരയിലെ മുന്‍ മന്ത്രിമാരും മുന്‍ എംപിമാരുമൊക്കെ ആയിരുന്ന നേതാക്കളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സമ്മര്‍ദ്ദത്തിലാക്കി ചാക്കിട്ട് പിടിച്ചു. തിരഞ്ഞെടുപ്പില്‍ അദാനി അടക്കമുള്ള ചങ്ങാത്ത മുതലാളിമാര്‍ ബിജെപിക്ക് വേണ്ടി ഒഴുക്കിയത് കോടികളാണ്. ഈ പണത്തിന്‍റെ പിന്‍ബലത്തിലാണ് ശക്തമായ ജനവികാരത്തിനിടയിലും അവര്‍ക്ക് പിടിച്ചുനില്‍ക്കാനായത്. എല്ലാത്തരത്തിലും സാമ്പത്തിക ഭദ്രത ഉറപ്പിച്ചശേഷം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ സാമ്പത്തികമായി തളര്‍ത്താന്‍ ആസൂത്രിത ശ്രമങ്ങളും നടത്തി. ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതികളായിരുന്ന ഹിറ്റ്ലറും മുസോളിനിയും പോലും ചെയ്യാത്ത കിരാത നടപടികളാണ് ‘വിശ്വഗുരു’ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനെതിരെ ചെയ്തത്. കോണ്‍ഗ്രസിന്‍റെ 11 അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് പിന്നാലെ അക്കൗണ്ടിലുണ്ടായിരുന്ന 65 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു. പൊതുജനങ്ങളില്‍നിന്ന് പിരിച്ചെടുത്തത് അടക്കമുള്ള പണമാണ് ഇത്തരത്തില്‍ പിടിച്ചെടുത്ത്. ചുരുക്കത്തില്‍ പ്രചാരണ രംഗത്ത് കോണ്‍ഗ്രസ് നേരിട്ട പ്രധാന തടസം ഫണ്ടിന്‍റെ അഭാവമായിരുന്നു.

നോക്കുകുത്തിയാക്കി മാറ്റിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍

സുതാര്യതയെ സംശയിച്ചുപോകുന്ന ചില നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്ന് പറയാതിരിക്കാന്‍ തരമില്ല. മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തോട് കമ്മിഷന്‍റേത് ചിറ്റമ്മ നയമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ 14 പരാതികളാണ് കോണ്‍ഗ്രസ് പാര്‍ട്ടി മാത്രം നല്‍കിയത്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു ഇവയെല്ലാം. എന്നാല്‍ പരാതികള്‍ ഉണ്ടായിരുന്നിട്ടും പ്രധാനമന്ത്രിക്കോ ബിജെപി നേതാക്കള്‍ക്കോ എതിരെ ഒരു നടപടിയും ഉണ്ടായില്ല. അതേസമയം പ്രതിപക്ഷ നിരയിലെ നേതാക്കള്‍ക്കെതിരെ ശാസന ഉള്‍പ്പെടെയുള്ള നടപടികളുണ്ടായി. വോട്ടിംഗ് ശതമാനം കൃത്യമായി പരസ്യപ്പെടുത്താതത് അടക്കമുള്ള നിരവധി ദുരൂഹമായ നടപടികളും കമ്മീഷന്‍റെ ഭാഗത്തുനിന്നും ഉണ്ടായി. ഇതൊക്കെ തന്നെ നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവാദിത്തപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണകക്ഷിക്കൊപ്പം ചേര്‍ന്ന് പക്ഷം പിടിക്കുന്നുവെന്ന സംശയം ബലപ്പെടുത്താനിടയാക്കി. മോദിയും അമിത് ഷായും ചേര്‍ന്ന് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും പലതരം ശ്രമങ്ങള്‍ നടത്തി. പല സംസ്ഥാനങ്ങളിലും വോട്ടര്‍പട്ടികയില്‍ നിന്നും വലിയ തോതില്‍ പേരുകള്‍ വെട്ടിമാറ്റപ്പെട്ടതായി ആരോപണം ഉയര്‍ന്നു. കൃത്രിമമായ കാരണങ്ങള്‍ നിരത്തി ഇന്ത്യാ മുന്നണിക്ക് അനുകൂലമായി വോട്ടു ലഭിക്കുന്ന സ്ഥലങ്ങളില്‍ പോളിംഗ് വൈകിപ്പിച്ചെന്നും രാജ്യത്തെ 150 ജില്ലാ കളക്ടര്‍മാരെ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നു.

ഗോദി മീഡിയയെ മറികടന്നത് സോഷ്യല്‍ മീഡിയയിലൂടെ

മോദിയുടെ 240 സീറ്റുകള്‍ നേടിയുള്ള വിജയത്തില്‍ ‘ഗോദി’ മീഡിയ വഹിച്ച പങ്ക് ചെറുതല്ല. വിരളം ചിലതൊഴികെ, മുഖ്യധാരാ മാധ്യമങ്ങളെല്ലാം മോദി ഭക്തരായ ഗോദി മീഡിയായി മാറി. അവര്‍ മോദിക്കും ബിജെപിക്കും അമിതമായ പ്രാധാന്യം നല്‍കി. മോദിയുടെ പ്രതിച്ഛായയ്ക്ക് ഹാനികരമായ വാര്‍ത്തകളെ അവഗണിക്കുകയോ പ്രധാന്യം കുറയ്ക്കുകയോ ചെയ്തു. സര്‍ക്കാരിന്‍റെ കോട്ടങ്ങളെ കാര്‍പ്പെറ്റിനുള്ളില്‍ മറച്ച് നേട്ടങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടി. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം, വിവിധ അടിസ്ഥാന സൗകര്യ പദ്ധതികള്‍, സാമൂഹിക ക്ഷേമ പദ്ധതികള്‍ എന്നിവ പോലുള്ള പരിപാടികള്‍ക്ക് വിപുലമായ കവറേജ് നല്‍കി. ദേശീയ സുരക്ഷ, വികസന പദ്ധതികള്‍, മോദിയുടെ നയതന്ത്രം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിലൂടെ ഭരണകക്ഷിക്ക് ഗുണം ചെയ്യുന്ന വിധത്തില്‍ പൊതുസംവാദം രൂപപ്പെടുത്തി. തൊഴിലില്ലായ്മ, കര്‍ഷക പ്രതിഷേധങ്ങള്‍, സാമ്പത്തിക വെല്ലുവിളികള്‍ തുടങ്ങിയ കൂടുതല്‍ വിവാദപരമോ രാജ്യം നേരിടുന്ന സങ്കീര്‍ണ്ണമായതോ ആയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഇത് സഹായിച്ചു. അതേസമയം കോണ്‍ഗ്രസ് ആശയപ്രചാരണത്തിന് മുഖ്യമായും ആശ്രയിച്ചത് സോഷ്യല്‍ മീഡിയയെയാണ്. തിരഞ്ഞടുപ്പ് വേളയില്‍ കോണ്‍ഗ്രസിന്‍റെ യുട്യൂബ്, ഫേസ്ബുക്ക്, എക്‌സ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് വലിയ സ്വീകര്യതയാണ് ലഭിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവുമൊടുവില്‍ മോദിയും ഗോദി മീഡിയും ചേര്‍ന്ന് നടത്തിയ നടത്തിയ അഭിപ്രായ സര്‍വേകളും എക്സിറ്റ് പോളുകളുമെല്ലാം ആസൂത്രിത കെട്ടുകഥകളായിരുന്നു എന്ന് വ്യക്തമാക്കുന്നതു കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം. ബിജെപിക്ക് 400 സീറ്റുകള്‍ പ്രവചിച്ച് മോദിയുടെ ചങ്ങാത്ത മുതളിമാര്‍ക്ക് ഓഹരി വിപണിയില്‍ നിന്നും കോടികള്‍ കൊയ്യാന്‍ വേണ്ടി നടത്തിയ കള്ളക്കളിയും അതിനുപിന്നിലുണ്ടായിരുന്നുവെന്ന കാര്യം ഇതിനകം തെളിഞ്ഞു കഴിഞ്ഞു.

കാത്തിരിക്കുന്നത് വലിയ വെല്ലുവിളി

കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. മൂന്നാം തവണയും മോദി പ്രധാനമന്ത്രിയായെത്തുന്നത് രാജ്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. തൊഴിലില്ലായ്മ, കാര്‍ഷിക ദുരിതം, വരുമാന അസമത്വം എന്നിവ പരിഹരിക്കുന്നത് ലക്ഷ്യമിട്ടുള്ള നയസമീപനങ്ങല്ല മോദി പിന്തുടരുന്നത്. അതുകൊണ്ടുതന്നെ മോദി തുടരുന്നത് സാധാരണ ജനങ്ങള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകാന്‍ ഇടവരുത്തും. നഷ്ടപ്പെട്ട അടിത്തറ തിരിച്ചുപിടിക്കാന്‍ ജാതി, മത ധ്രുവീകരണം സംഘപരിവാര്‍ ശക്തികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന കാര്യത്തിലും സംശയമില്ല. ജുഡീഷ്യറി, മാധ്യമങ്ങള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലുള്ള സ്വതന്ത്ര ഏജന്‍സികള്‍ എന്നിവയില്‍ ചെലുത്തപ്പെടുന്ന അനാവശ്യ സ്വാധീനവും ശക്തമാക്കും.

എന്തായാലും ബിജെപിയെ എങ്ങനെയും ഭരണത്തിലെത്തിക്കാന്‍ വേണ്ടി മാത്രം പ്രവര്‍ത്തിച്ച എല്ലാ സംവിധാനങ്ങളോടും പോരാടിയുള്ളതാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണിയുടെ മുന്നേറ്റം. 272 എന്ന മാന്ത്രിക സംഖ്യ തൊടാന്‍ ഇന്ത്യ മുന്നണിക്ക് സാധിച്ചില്ലെങ്കിലും ഈ വിജയത്തിന്‍റെ തിളക്കം പത്തരമാറ്റുള്ളതാണ്, ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതും. ധ്രുവീകരണ, ജാതി രാഷ്ട്രീയത്തിന് അവസാനം കുറിക്കണമെന്ന ജനങ്ങളുടെ ആഗ്രഹം പ്രതിഫലിക്കുന്നതാണ് ജനവിധി. വികസന മതേതര രാഷ്ട്രീയത്തിലേക്കുള്ള ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ മടങ്ങിവരവിന് ഈ ജനവിധി വഴിവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Comments (0)
Add Comment