മണ്ഡല പുനര്‍നിര്‍ണയം 2056 വരെ മരവിപ്പിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ചെന്നൈയില്‍ വിളിച്ചു ചേര്‍ത്ത സമ്മേളനം ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് രാഷ്ട്രപതിക്ക് നിവേദനം നല്‍കും. മുഖ്യമന്ത്രിമാരും പാര്‍ട്ടി പ്രതിനിധികളും ഒന്നിച്ച് രാഷ്ടപതിയെ കാണും. എം പി മാര്‍ അടങ്ങുന്ന കോര്‍ കമ്മിറ്റിയും രൂപീകരിക്കും. 13 പാര്‍ട്ടികളിലെ മുഖ്യമന്ത്രിമാരും നേതാക്കളും പങ്കെടുത്ത സമ്മേളനത്തിലാണ് ഈ നിര്‍ണായക തീരുമാനം.
ജനസംഖ്യ അടിസ്ഥാനത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വിളിച്ചയോഗത്തില്‍ കേന്ദ്രത്തിന് രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മണ്ഡല പുനര്‍നിര്‍ണയം 2056 വരെ മരവിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. 13 പാര്‍ട്ടികളിലെ മുഖ്യമന്ത്രിമാരും നേതാക്കളും പങ്കെടുത്ത സമ്മേളനത്തിലാണ് ഈ നിര്‍ണായക തീരുമാനം. രാജ്യ പുരോഗതിക്ക് സംഭാവന നല്‍കിയ സംസ്ഥാനങ്ങള്‍ ഫെഡറലിസം സംരക്ഷിക്കാന്‍ ഒന്നിച്ച ദിനമായി അടയാളപ്പെടുത്തുമെന്നും ജനാധിപത്യവും ഫെഡറല്‍ ശിലയും സംരക്ഷിക്കാനായാണ് പോരാട്ടമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു.
ജനസംഖ്യാപരമായ പിഴ ചുമത്തല്‍ നയമാണ് ബിജെപി നടപ്പിലാക്കുന്നത്. ഇപ്പോഴത്തെ നിര്‍ദ്ദിഷ്ട അതിര്‍ത്തി നിര്‍ണ്ണയം അംഗീകരിക്കാനാകില്ല. രാഷ്ട്രീയമായി വെല്ലുവിളി ഉയര്‍ത്തും. അന്യായമാണ് മണ്ഡല പുനര്‍ നിര്‍ണയമെന്നും ഇത് നടപ്പാക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ തടയണമെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ദ റെഡ്ഡി ആവശ്യപ്പെട്ടു. മണ്ഡല പുനര്‍നിര്‍ണയ നീക്കം ബിജെപിക്ക് വേണ്ടിയാണെന്നും തെക്കേ ഇന്ത്യയിലെ സീറ്റുകള്‍ കാര്യമായി കുറയുമെന്നും മുഖമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്രം ശിക്ഷിക്കുകയാണെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കി.
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്‍ തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. പുതിയ സെന്‍സസ് പൂര്‍ത്തിയാക്കുന്നതു വരെ മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ മരവിപ്പിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ആവശ്യപ്പെട്ടു.
ജനസംഖ്യ നിര്‍ണയം കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ സീറ്റുകളുടെ എണ്ണം കുറയും. ഇത് സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണെന്നും ജയ്‌റാം രമേശ് വ്യക്തമാക്കി. അടുത്ത 25 വര്‍ഷത്തേക്ക് മണ്ഡല പുനര്‍നിര്‍ണയം മരവിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കനിമൊഴി അവതരിപ്പിച്ചു. അതേസമയം, ജനാധിപത്യത്തിന്റെ ഫെഡറല്‍ സ്വഭാവം ഉയര്‍ത്തിക്കാണിക്കുന്നതാവണം മണ്ഡല പുനര്‍നിര്‍ണയമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു