കുഞ്ഞിന് കൊവിഡ് ഇല്ലായിരുന്നു, ആരോഗ്യ മന്ത്രി പറഞ്ഞത് പച്ചക്കള്ളം; ഗുരുതര ആരോപണവുമായി മഞ്ചേരിയിൽ മരിച്ച മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ മാതാപിതാക്കൾ

Jaihind News Bureau
Wednesday, May 27, 2020

 

ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി മലപ്പുറം മഞ്ചേരിയിൽ കൊവിഡ് ബാധിച്ചു മരിച്ച മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ മാതാപിതാക്കൾ. കുഞ്ഞിന് കൊവിഡ് ഇല്ലായിരുന്നു എന്നും കൊവിഡ് രോഗിയായി ചിത്രീകരിച്ച് ന്യുമോണിയബാധിതനായ കുഞ്ഞിന് ചികിത്സ നിഷേധിച്ചുവെന്നും കുടുംബം ആരോപിച്ചു. രോഗ വിവരം അറിയിച്ചില്ല. ആരോഗ്യ മന്ത്രി പറഞ്ഞത് പച്ചക്കള്ളമാണന്നും കുടുംബം ചൂണ്ടിക്കാട്ടി.

മഞ്ചേരിയിൽ കൊവിഡ് ബാധിച്ചു മരിച്ച മൂന്ന് മാസം പ്രായമായ  കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത് ഏപ്രിൽ 21നാണ്. കുട്ടി മരിക്കുന്നത് ഏപ്രിൽ 24ന്. ന്യുമോണിയ ബാധയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കുട്ടി മരിച്ചിട്ട് 33 ദിവസമായിട്ടും കുട്ടിയെ പരിശോധിച്ച അനുബന്ധ റിസൾട്ട്‌ ഒന്നും കുടുംബത്തിന് നൽകിയിട്ടില്ല. എന്നാൽ ആലപ്പുഴയിൽ പരിശോധന നടത്തിയ കുഞ്ഞിന്റെ ആദ്യ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു എന്ന് ഡോക്ടർമാർ തങ്ങളോട് പറഞ്ഞിരുന്നുവെന്നും കുടുംബം പറയുന്നു. പിന്നീടുള്ള കുട്ടിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു എന്നാണ് അനൗദ്യോഗികമായി കുടുംബം അറിഞ്ഞത്.

കുഞ്ഞിന് കൊവിഡ് ഇല്ലായിരുന്നു. എന്നാൽ കൊവിഡ് ഫലത്തിൽ ആരോഗ്യ വകുപ്പിന് പറ്റിയ തെറ്റ് തിരുത്താനുള്ള മടിയാണ് കുഞ്ഞിനെ കൊവിഡ് രോഗിയാക്കിയത്. കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച സമയത്ത് ചോദിച്ചപ്പോൾ പോലും ഡോക്ടർമാറും നഴ്സുമാരും അറിയില്ല എന്നാണ് പറഞ്ഞത് .  രോഗം സ്ഥിരീകരിച്ചത് കുടുംബത്തെ അറിയിച്ചു എന്ന് ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞത് പച്ച കള്ളമാണെന്നും കുട്ടിയുടെ പിതാവ് പറയുന്നു.

കൊവിഡ് സ്ഥിരീകരിച്ച ശേഷവും കുഞ്ഞിനെ പരിചരിച്ചത് മാതാവാണ്. മാതാവിന് ഗ്ലൗസ് പോലും നൽകാൻ അധികൃതർ തയ്യാറായില്ല. കുട്ടിക്ക് ഒപ്പം ഇടപഴകിയ ആളുകളുടെ 10 വയസിൽ താഴെ ഉള്ള കുട്ടിക്ക് പോലും രോഗം പകർന്നില്ല.
കുട്ടിക്ക് ന്യൂമോണിയ ഉണ്ടായിരുന്നു. അതിന്‍റെ ചികിത്സ പോലും നൽകിയില്ല. ചികിത്സ നൽകുന്നതിലും വീഴ്ച പറ്റി. ഇതാണ് മരണ കാരണം. കുട്ടിയുടെ മരണ കാര്യത്തിൽ വിദഗ്ധ സമിതിയെ വെച്ചു അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.