മാനസയുടെ കൊലപാതകം : തോക്കിന്‍റെ ഉറവിടം തേടി പൊലീസ്; അന്വേഷണം വ്യാപിപ്പിക്കുന്നു

Jaihind Webdesk
Saturday, July 31, 2021

 

കണ്ണൂർ :  കോതമംഗലത്തെ ഡെന്‍റല്‍ വിദ്യാർത്ഥിനി മാനസയുടെ കൊലപാതകത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. രാഖിലിന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. രാഖിലിന് തോക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ കോതമംഗലത്തുനിന്നുള്ള പോലീസ് സംഘം കണ്ണൂരിലെത്തി.

രാഖിൽ ഉപയോഗിച്ച തോക്കിന്‍റെ ഉറവിടം കണ്ടെത്താനാണ് പോലീസ് പ്രധാനമായും ശ്രമിക്കുന്നത്. തോക്ക് മോഷ്ടിച്ചതാണോ അതോ ഏതെങ്കിലും കള്ളക്കടത്ത് സംഘങ്ങളിൽനിന്ന് വാങ്ങിയതാണോ എന്നതാണ് സംശയം. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കാൻ രാഖിലിന്‍റെ ഫോണും വീട്ടിലെ മുറിയും പൊലീസ് പരിശോധിച്ചു. എംബിഎ പഠനം പൂർത്തീകരിച്ച രാഖിലിന് നാട്ടിൽ ആരുമായും വലിയ സൗഹൃദങ്ങളില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പഠനത്തിന് ശേഷം ഇന്‍റീരിയർ ഡിസൈനിംഗ് ജോലികൾ ചെയ്തുവരികയായിരുന്നു. മൂന്നുദിവസം മുമ്പാണ് വീട്ടിൽ അവസാനം വന്നത്. ഇടയ്ക്കിടെ ജോലിയുടെ ഭാഗമായി എറണാകുളത്തും കോഴിക്കോടും താമസിച്ചിരുന്നതിനാൽ ആർക്കും അസ്വാഭാവികത തോന്നിയിരുന്നില്ല. ഇയാളുടെ പെരുമാറ്റത്തിലും സംശയമുണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നതോടെയാണ് രാഖിൽ കോതമംഗലത്തേക്കാണ് വന്നതെന്നും കൈയിൽ തോക്ക് ഉണ്ടായിരുന്നുവെന്നതും ബന്ധുക്കൾ അറിഞ്ഞത്. തോക്കുമായെത്തി പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയത് രാഖിലാണെന്ന വിവരമറിഞ്ഞ് തങ്ങൾ ഞെട്ടിയെന്നായിരുന്നു ബന്ധുക്കളുടെ പ്രതികരണം. രാഖിലിന് പെൺകുട്ടിയുമായി ഉള്ള ബന്ധവും അത്‌ തകർന്നതും കുടുംബത്തിന് അറിയാമായിരുന്നുവെന്ന് ധർമ്മടം പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. തോക്ക് എവിടെ നിന്നാണ് കിട്ടിയത് എന്നാണ് സംശയമെന്ന് ധർമ്മടം പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ എൻ.കെ രവി പറഞ്ഞു. രാഖിലുമായി ബന്ധപ്പെട്ടിരുന്ന സുഹൃത്തുക്കളുടെ മൊഴിയും അന്വേഷണസംഘം എടുക്കുന്നുണ്ട്.