മാനസയുടെ കൊലപാതകം : വെടിയുണ്ട തലയോട്ടി തകർത്ത് പുറത്തുവന്നു; പരിശോധനയ്ക്ക് ബാലിസ്റ്റിക് വിദഗ്ധരും

Jaihind Webdesk
Saturday, July 31, 2021

 

കൊച്ചി : കോതമംഗലത്ത് ഡെന്‍റല്‍ വിദ്യാര്‍ത്ഥിനി മാനസയെ വെടിവെച്ച്‌ കൊന്ന സംഭവം പ്രണയ നൈരാശ്യത്തെ തുടർന്നെന്ന് സൂചന. ഇന്നലെ വൈകിട്ടോടെയാണ് കോതമംഗലം നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളജിലെ നാലാം വർഷ വിദ്യാർത്ഥിനിയായ മാനസയെ വെടിവെച്ചുകൊന്ന് വെടി ഉതിർത്ത സുഹൃത്തായ കണ്ണൂർ സ്വദേശി രാഗിൽ ആത്മഹത്യ ചെയ്തത്. തലയിലേറ്റ വെടിയുണ്ട തലയോട്ടി തകര്‍ത്ത് പുറത്തുവന്നിരുന്നു. വിശദ പരിശോധനയ്ക്കായി ബാലിസ്റ്റിക് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.

കണ്ണൂര്‍ നാറാത്ത് സ്വദേശി മാനസ (24) ആണ് കൊല്ലപ്പെട്ടത്. വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കും. നാടന്‍ തോക്ക് ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചിരിക്കുന്നത്. കണ്ണൂര്‍ സ്വദേശികളായ മാനസയും രാഗിലും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഇവിടെ നിന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. നിരവധി തവണ രാഖില്‍ മാനസയെ ശല്യം ചെയ്യുകയും ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ രാഖില്‍ മാനസയുടെ താമസസ്ഥലത്തിനടുത്ത് താമസം ആരംഭിച്ചിരുന്നുവെന്നാണ് വിവരം. ഇത് കൊല ആസൂത്രിതമാണെന്ന സൂചന നല്‍കുന്നു. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്‍റല്‍ സയന്‍സില്‍ ഹൗസ് സര്‍ജനായിരുന്നു മാനസ. കോളേജിന് സമീപത്തെ വീട്ടിലെ മുകള്‍നിലയില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു. സംഭവം നടക്കുന്ന സമയം മാനസയ്‌ക്കൊപ്പം മൂന്ന് സഹപാഠികളും വീട്ടിലുണ്ടായിരുന്നു. അതിക്രമിച്ചുകയറിയ പ്രതി മാനസയെ മുറിയിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോയി. ഇതോടെ ഭയന്നുപോയ സഹപാഠികള്‍ താഴെയുള്ള വീട്ടുടമസ്ഥയെ വിവരമറിയിക്കാനായി ഓടി. ഈ സമയത്താണ് മുകള്‍നിലയില്‍നിന്ന് പടക്കം പൊട്ടുന്ന പോലെയുള്ള ശബ്ദം കേട്ടത്. രണ്ടുതവണ വെടിയൊച്ച കേട്ടെന്നാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് വീട്ടുടമസ്ഥയും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന ഇവരുടെ മകനും മുകള്‍നിലയിലേക്ക് ഓടിയെത്തി. ചോരയില്‍ കുളിച്ചുകിടക്കുന്ന മാനസയെയും രഖിലിനെയുമാണ് ഇവര്‍ മുറിയില്‍ കണ്ടത്.

രഖിലിനെ കണ്ടയുടന്‍ ഭക്ഷണം കഴിക്കുകയായിരുന്ന മാനസ ക്ഷോഭിക്കുകയായിരുന്നു. നീ എന്തിനാണ് ഇവിടെ വന്നതെന്ന് ചോദിച്ചുകൊണ്ടായിരുന്നു മാനസ ക്ഷുഭിതയായത്. രണ്ട് വെടിയുണ്ടകളാണ് മാനസയുടെ ശരീരത്തില്‍ ഏറ്റത്. തലയിലും വയറിലുമാണ് ഇത്. തലയിലേറ്റ വെടിയുണ്ട തലയോട്ടി തകര്‍ത്ത് പുറത്തുവന്നിട്ടുണ്ട്. കൃത്യത്തിന് ശേഷം തലയില്‍ വെടിവെച്ച്‌ രാഖിലും ജീവനൊടുക്കുകയായിരുന്നു.ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.