മാനാഞ്ചിറ -വെള്ളിമാട് കുന്ന് റോഡ് വികസനത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അനുമതി ലഭ്യമാകത്തതിനെ തുടര്‍ന്ന് വഴിമുട്ടിയ മലാപ്പറമ്പ് മുതല്‍ വെള്ളിമാട്കുന്ന് വരെയുള്ള ഭാഗം കൂടി വികസിപ്പിക്കുന്നതിനായി നിര്‍മാണാനുമതി നല്‍കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
എം.കെ. രാഘവന്‍ എംപിയുടെ ഇടപെടലാണ് നിര്‍ണായക തീരുമാനത്തിന് വഴിയൊരുക്കിയത്. പാര്‍ലമെന്റിലെ മന്ത്രിയുടെ ഓഫീസില്‍ നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ട് വിഷയം അവതരിപ്പിച്ച എം.കെ രാഘവന്‍ എംപി, റോഡ് വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രിയെ ബോധ്യപ്പെടുത്തി. എംപിയുടെ ആവശ്യം പരിഗണിച്ച്, മലാപ്പറമ്പ് മുതല്‍ വെള്ളിമാടുകുന്ന് വരെയുള്ള റോഡ് ഭാഗം വികസിപ്പിക്കുന്നതിനായി എന്‍ഒസി ഉടന്‍ നല്‍കാന്‍ എന്‍എച്ച്എഐ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി അടിയന്തര നിര്‍ദേശം നല്‍കുകയായിരുന്നു.
മാനാഞ്ചിറ മുതല്‍ വെള്ളിമാടുകുന്ന് വരെയുള്ള എട്ട് കിലോമീറ്ററില്‍ വിഭാവനം ചെയ്ത റോഡ് വികസന പദ്ധതി വിവിധ കാരണങ്ങളാല്‍ വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഇതില്‍ മാനാഞ്ചിറ മുതല്‍ മലാപ്പറമ്പ് വരെയുള്ള ഭാഗം മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നത്. എന്നാല്‍, കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത 766-ന്റെ ഭാഗമായ മലാപ്പറമ്പ്-വെള്ളിമാടുകുന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് എന്‍എച്ച്എഐയുടെ അനുമതി അനിവാര്യമായിരുന്നു. അനുമതി വൈകിയതോടെ, സംസ്ഥാന സര്‍ക്കാര്‍ ആദ്യഘട്ടമെന്ന നിലയില്‍ മാനാഞ്ചിറ-മലാപ്പറമ്പ് ഭാഗത്തെ വികസനത്തിന് മാത്രം തുടക്കമിടുകയും ചെയ്തു.
അനുമതി വൈകുന്നത് പദ്ധതിയുടെ പൂര്‍ത്തീകരണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എം.കെ. രാഘവന്‍ എംപി കേന്ദ്രമന്ത്രിയെ സമീപിച്ചത്. എന്‍ഒസി ലഭിച്ചാല്‍, നിലവിലുള്ള പദ്ധതിക്കൊപ്പം ഈ ഭാഗത്തെ റോഡ് വികസനവും പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന എംപിയുടെ വാദം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇതോടെ, കോഴിക്കോടിന്റെ പ്രധാന യാത്രാമാര്‍ഗങ്ങളിലൊന്നായ മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പൂര്‍ണമായും യാഥാര്‍ത്ഥ്യമാവുകയാണ്. ഇത് നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരളവില്‍ പരിഹാരമാകുമെന്നാണ്പ്രതീക്ഷ.