ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന പരാതിയുമായി മാനേജര്‍; പോലീസ് കേസെടുത്തു

Jaihind News Bureau
Tuesday, May 27, 2025

നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന പരാതിയുമായി മാനേജര്‍. മാനേജര്‍ വിപിന്‍ കുമാറിന്റെ പരാതിയിന്മേല്‍ നടനെതിരെ പോലീസ് കേസെടുത്തു. ഇന്‍ഫോ പാര്‍ക്ക് പൊലീസിലാണ് നടനെതിരെ മാനേജര്‍ പരാതി നല്‍കിയത്. ഡിഎല്‍എഫ് ഫ്ലാറ്റില്‍ വെച്ച് തന്നെ മര്‍ദിച്ചു എന്നാണ് പരാതി.

ടൊവിനോ തോമസ് നായകനായ നരിവേട്ട എന്ന സിനിമയെ പ്രശംസിച്ചതിനാല്‍ ഉണ്ണി മുകുന്ദന്‍ മാനേജറെ മര്‍ദ്ദിച്ചു എന്നാണ് പരാതി. പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തി. മൊഴി പരിശോധിച്ച ശേഷം ഏതെല്ലാം വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കണമെന്നതില്‍ തീരുമാനമെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

അസഭ്യം പറയുകയും ക്രൂരമായി മര്‍ദിച്ചെന്നുമാണ് പരാതി. ഫെഫ്കയിലും നടനെതിരെ മാനേജര്‍ പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ഭാഗത്തുനിന്ന് ഇത് സംബന്ധിച്ച് പ്രതികരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഉണ്ണി മുകുന്ദന്റെ മാനേജരായി പ്രവര്‍ത്തിക്കുന്നയാളാണ് പരാതിക്കാരന്‍. ഇരുവരും തമ്മില്‍ ഏറെനാളായി സ്വരചേര്‍ച്ചയിലായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.