തൊഴിലാളിയെ വളർത്തു നായയെ പോലെയാണ് മാനേജ്മെന്‍റ്  കാണുന്നത്; സ്വിഫ്റ്റ് ലാഭമോ നഷ്ടമോ എന്ന  കണക്ക് പുറത്തുവിടണം; കെ എസ് ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഗതാഗതമന്ത്രിക്കെതിരെ ആനത്തലവട്ടം ആനന്ദന്‍

Jaihind Webdesk
Tuesday, February 28, 2023

തിരുവനന്തപുരം: ഗതാഗതമന്ത്രിയെയും മാനേജ്മെന്‍റിനെയും രൂക്ഷമായി വിമർശിച്ച്  സിഐടിയു . കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിക്കും തൊഴിലാഴി വിരുദ്ധ പരിഷ്കരണങ്ങള്‍ക്കുമെതിരെ ചീഫ് ഓഫീസിന് മുന്നില്‍ സിഐടിയു സംഘടിപ്പിച്ച പ്രതിഷേധത്തിലാണ്  വിമര്‍ശനം.

ഉള്ളതൊഴിൽ ഇല്ലാതാക്കിയിട്ടല്ല,പുതിയ തൊഴിൽ സൃഷ്ടിക്കേണ്ടതെന്നും  മാനേജുമെന്‍റ് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നും ബ്യൂറോക്രാറ്റുകൾ പണ്ഡിതൻമാരെന്ന് ധാരണ വേണ്ടെന്നും വല്ലതും തന്നാൽ വാങ്ങി കൊണ്ടുപോകുമെന്നത് പള്ളിയിൽ പറഞ്ഞാൽ മതിയെന്നും  പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സിഐടിയു സംസ്ഥാന അധ്യക്ഷൻ ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. സ്വിഫ്റ്റ് ലാഭമോ നഷ്ടമോ എന്ന  കണക്ക് പുറത്തുവിടണം. പിരിച്ചു വിട്ട താൽക്കാലിക ജീവനക്കാര്‍ക്ക് സ്വിഫ്റ്റിൽ നിയമനം നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും നടന്നില്ല.
മാനേജുമെന്‍റ്  സിംഗിൾ ഡ്യൂട്ടി പൊളിക്കാൻ നിൽക്കുന്നു. തൊഴിലാളി എന്ത് അപരാധമാണ് ചെയ്യുന്നത്. എല്ലാം തൊഴിലാളിയുട തലയിൽ കെട്ടിവച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളിയെ വളർത്തു നായയെ പോലെയാണ് മാനേജ്മെന്‍റ്  കാണുന്നതെന്നും   യൂണിയനുകൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും മന്ത്രി പാലിക്കുന്നില്ലെന്നും  ടിക്കറ്റ് വിറ്റു കിട്ടുന്നത് മഞ്ചാടിക്കുരു അല്ലെന്ന് മാനേജ്മെന്‍റ് ഓർക്കണമെന്നും ആനത്തലവട്ടം കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

യൂണിയൻ പറയുന്ന കാര്യത്തിൽ നടപടിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും സിഐടിയു മുന്നറിയിപ്പു നല്‍കി.