കൊവിഡ് ബാധിച്ച് മരിച്ചിട്ട് നൂറ് ദിവസം ; പരേതന്‍റെ സുഖവിവരം അന്വേഷിച്ച് ആരോഗ്യവകുപ്പിന്‍റെ ഫോണ്‍വിളി

Jaihind Webdesk
Sunday, July 11, 2021

തിരുവനന്തപുരം:  കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്‍റെ  കൈവശമില്ലെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കൊവിഡ് ബാധിച്ച് രോഗി മരിച്ചശേഷവും സുഖവിവരങ്ങള്‍ അന്വേഷിച്ച് ആരോഗ്യവകുപ്പ് മൂന്ന് തവണ വിളിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. പോത്തന്‍കോട് സ്വദേശി അനില്‍കുമാറിന്റെ ബന്ധുക്കളെയാണ് ആരോഗ്യവകുപ്പില്‍ നിന്നും വിളിച്ചത്. മരിച്ച് രണ്ട് മാസംകഴിഞ്ഞിട്ടും അനില്‍കുമാറിനെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് വാര്‍ഡ് മെമ്പറും പറഞ്ഞു.

പോത്തന്‍കോട് പണിമൂല സ്വദേശി അനില്‍കുമാറിന് ഏപ്രില്‍ 28 നാണ് രോഗം സ്ഥിരീകരിച്ചത്. മെയ് ആറിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് അനില്‍കുമാര്‍ മരണത്തിന് കീഴടങ്ങി. അനില്‍കുമാര്‍ മരിച്ചതിന് ശേഷവും മൂന്നുതവണയാണ് ആരോഗ്യ വകുപ്പില്‍ നിന്നും ബന്ധുക്കളെ വിളിച്ചത്. മരിച്ചുവെന്നത് അറിയാതെയായിരുന്നു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോണ്‍വിളി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയിലില്ലാത്തതിനാല്‍  സര്‍ക്കാര്‍ ധനസഹായത്തിന് തീരുമാനിച്ചാലും കിട്ടുമോയെന്ന ആശങ്കയിലാണ് കുടുംബം.