‘ചിലർക്ക് ഭഗവാനാകാന്‍ ആഗ്രഹം’; മോദിക്കെതിരെ ഒളിയമ്പുമായി മോഹന്‍ ഭാഗവത്‌

Jaihind Webdesk
Friday, July 19, 2024

 

ബിഷ്ണുപുർ/ഝാർഖണ്ഡ്: നരേന്ദ്ര മോദിക്കെതിരെ ഒളിയമ്പുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ചിലർക്ക് അമാനുഷികരും ഭഗവാനുമൊക്കെയാകാൻ ആഗ്രഹമുണ്ട്. എന്നാൽ ഭഗവാൻ വിശ്വരൂപമാണ്. അതിന് മുകളിലെന്തെങ്കിലുമുണ്ടോയെന്ന് ആർക്കുമറിയില്ല. ആന്തരികമായും ബാഹ്യമായും വികാസത്തിന് പരിധിയില്ലെന്നും മോഹൻ ഭഗവത് പറഞ്ഞു.  ഝാർഖണ്ഡിലെ ബിഷ്ണുപുരിൽ ലെവൽ വർക്കർ സമ്പർക്ക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

‘‘പുരോഗതികൾക്ക് ഒരിക്കലും അന്ത്യമില്ല. ചില ആളുകൾക്ക് സൂപ്പർമാൻ ആകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ആഗ്രഹം അവിടെ അവസാനിക്കുന്നില്ല. പിന്നെ ദേവതയാകണമെന്നു തോന്നും. പിന്നെ ഭഗവാനാകണമെന്നും. എന്നാൽ ഭഗവാൻ പറയുന്നു താൻ വിശ്വരൂപം തന്നെയാണെന്ന്. അതിലും വലുത് വേറെയുണ്ടോയെന്ന് ആര്‍ക്കുമറിയില്ല’’ – മോഹൻ ഭാഗവത് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ആർഎസ്എസും ബിജെപിയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നു എന്ന ആരോപണങ്ങൾക്കിടെയാണ് മോഹൻ ഭാഗവതിന്‍റെ പ്രസ്താവന. തിരഞ്ഞെടുപ്പ് ഫലം വന്നതിനു പുറകേ അഹങ്കാരമാണ് ബിജെപിയുടെ ഭൂരിപക്ഷം കുറച്ചതെന്ന ആർഎസ്എസ് പ്രതികരണവും കൂടുതൽ സംവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.