മകളുടെ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു : കള്ളനെന്ന് കരുതിയെന്ന് പ്രതിയുടെ മൊഴി

Jaihind Webdesk
Wednesday, December 29, 2021

തിരുവനന്തപുരം: മകളെ കാണാൻ വീട്ടിലെത്തിയ സുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു. പേട്ട സ്വദേശി അനീഷ് ജോർജ്(19) ആണ് കൊല്ലപ്പെട്ടത്.തിരുവനന്തപുരം പേട്ട ചായക്കുടി ലൈനിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. പ്രതി ലാലൻ പേട്ട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കള്ളനാണെന്ന് കരുതി കുത്തിയതാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

പുലർച്ചെ ശബ്ദം കേട്ടാണ് എഴുന്നേറ്റതെന്നും, കള്ളനാണെന്ന് കരുതി ആക്രമിക്കുകയായിരുന്നുവെന്നുമാണ് ലാലൻ പറയുന്നത്. കത്തി കൊണ്ട് കുത്തിയ ശേഷം ഇയാൾ നേരെ പൊലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങുകയായിരുന്നു.

പയ്യൻ വീട്ടിൽ കുത്തേറ്റ് കിടക്കുന്നുണ്ടെന്നും, ആശുപത്രിയിൽ കൊണ്ടുപോകണമെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വീട്ടിലെത്തി പൊലീസിനാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.