തിരുവനന്തപുരം മംഗലപുരത്ത് കുത്തേറ്റയാള്‍ മരിച്ചു. തോന്നയ്ക്കല്‍ പാട്ടത്തിന്‍കര സ്വദേശി താഹയാണ് കുത്തേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് താഹയ്ക്ക് കുത്തേറ്റത്. സമീപവാസിയായ റാഷിദ് വീട്ടിനുള്ളില്‍ കയറി താഹയെ ആക്രമിക്കുകയായിരുന്നു. വയറില്‍ കുത്തേറ്റ താഹ രണ്ടാമത്തെ നിലയിലേയ്ക്ക് ഓടിക്കയറിയെങ്കിലും റാഷിദ് പിന്നാലെയെത്തി വീണ്ടും കുത്തുകയായിരുന്നു. താഹയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.
സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച റാഷിദിനെ നാട്ടുകാര്‍ പിടികൂടി മംഗലപുരം പോലീസിന് കൈമാറി. താഹയുടെ മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്റെ പ്രതികാരമായിട്ടാണ് കുത്തിയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. പ്രതിയായ റാഷിദ് മുന്‍പും താഹയെ മര്‍ദ്ദിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.