ട്രെയിന്‍ തീവെപ്പ്: സിസി ടിവി ദൃശ്യങ്ങളില്‍ കണ്ടയാള്‍ പ്രതിയല്ല; സ്ഥിരീകരിച്ച് പോലീസ്

Jaihind Webdesk
Monday, April 3, 2023

 

കണ്ണൂർ/കോഴിക്കോട്: ട്രെയിനില്‍ തീയിട്ട സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട സിസി ടിവി ദൃശ്യങ്ങളില്‍ കണ്ടയാൾ പ്രതിയല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. സിസി ടിവി ദൃശ്യങ്ങളിലുള്ളത്  കാപ്പാട് സ്വദേശിയായ വിദ്യാർത്ഥിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ബൈക്കിൽ കയറി പോയത് ഈ വിദ്യാർത്ഥിയാണ്. പ്രതിയുടേതെന്ന് സംശയിക്കുന്ന സിസി ടിവി ദൃശ്യം പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ വിദ്യാർത്ഥിയുടെ സുഹൃത്ത് പോലീസിന് വിവരം നല്‍കുകയായിരുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ പോലീസ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പരിശോധന നടത്തുകയാണ്. പ്രതിയുടെ രേഖാ ചിത്രവുമായി സാദൃശ്യം ഉള്ള ആൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി യ സംഭവത്തിൽ ആണ് പരിശോധന.

ഞായറാഴ്ച രാത്രി 9.30 ഓടെയാണ് ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ അക്രമി പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴാണ് സംഭവം. ഒരു പ്രകോപനവുമില്ലാതെ പെട്ടെന്ന് അക്രമി പെട്രോളൊഴിക്കുകയായിരുന്നു. ഡി കമ്പാർട്ട്മെന്‍റിലാണ് അക്രമം നടന്നത്. തുടർന്ന് യാത്രക്കാർ ചങ്ങല വലിച്ചതോടെ കോരപ്പുഴ പാലത്തിനു മുകളിൽ ട്രെയിൻ നിന്നു.

അക്രമം നടന്നപ്പോൾ യാത്രക്കാർ പരിഭ്രാന്തരായി പല കമ്പാർട്ട്മെന്‍റുകളിലേക്കും ഓടിയിരുന്നു. പിന്നീടാണ് മൂന്നു പേരെ കാണാനില്ലെന്ന വിവരം വന്നത്. തീ കൊളുത്തിയപ്പോൾ ട്രെയിൻ നിർത്തിയ കോരപ്പുഴ പാലത്തിനും എലത്തൂർ റെയിൽവെ സ്റ്റേഷനും ഇടയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകൾ രണ്ട് വയസുകാരി സഹല, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്. 9 പേർക്ക് സാരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമിയുടേതെന്ന് കരുതുന്ന ഒരു ബാഗ് ട്രാക്കിൽ നിന്ന് കണ്ടെത്തിയിരുന്നു. ബാഗ് വിശദമായി പോലീസ് പരിശോധിച്ചു. ബുക്കിൽ ഇംഗ്ലിഷിലും ഹിന്ദിയിലുമാണ് എഴുതിയിരിക്കുന്നത്. തിരുവനന്തപുരത്തെ സ്ഥലപ്പേരുകളും ബുക്കിലുണ്ട്. ഡൽഹി, നോയിഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. ബാഗിൽ നിന്ന് മൊബൈൽ ഫോൺ, കണ്ണട, പഴ്സ്, ബ്രൗൺ നിറമുള്ള ടീഷർട്ട്, ഒരു ട്രാക്ക് പാന്‍റ്, ഓവർകോട്ട്, ഭക്ഷണമടങ്ങിയ ടിഫിൻ ബോക്സ്, ലഘുഭക്ഷണ പാക്കറ്റ്, മിഠായി, പേന, ഒരു കുപ്പി പെട്രോൾ, ഒരു സ്റ്റിക്കി നോട്ട്, കുറച്ച് ആണികൾ തുടങ്ങിയവയാണ് കണ്ടെടുത്തത്. പകുതി ദ്രാവകമുള്ള കുപ്പിയും ബാഗിൽ ഉണ്ടായിരുന്നു. ഇതേത്തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. കണ്ണൂരിലെത്തിയ ട്രെയിനിലെ രണ്ട് ബോഗികൾ സീൽ ചെയ്തു.

അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്ന് ഡിജിപി അനിൽ കാന്ത്. പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായു സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. കേസിലെ നിർണായക സാക്ഷിയായ റാസിക്ക് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് രേഖാചിത്രം തയാറാക്കിയിട്ടുണ്ട്. ഇതു കണ്ട് പ്രതിയെ തിരിച്ചറിയാൻ കഴിയുന്നവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നു പോലീസ് പറഞ്ഞു. 112 എന്ന നമ്പറിൽ വിളിച്ച് വിവരങ്ങൾ പങ്കുവെക്കാം.