വയനാട്ടിലെ നരഭോജി കടുവ കൂട്ടില്‍; കൂടല്ലൂർ നിവാസികള്‍ക്ക് ആശ്വാസം

Monday, December 18, 2023

 

വയനാട്: വാകേരിയിലിറങ്ങിയ നരഭോജി കടുവ കൂട്ടിലായി. യുവാവിനെ കൊലപ്പെടുത്തിയ കടുവയ്ക്കായുള്ള തിരച്ചില്‍ തുടങ്ങി പത്താം ദിവസമാണ് കടുവ കൂട്ടിലായത്. കടുവാ ഭീതി ഒഴിഞ്ഞ ആശ്വാസത്തിലാണ് നാട്ടുകാർ. കഴിഞ്ഞ ശനിയാഴ്ച വയനാട് കൂടല്ലൂരില്‍ വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീരകര്‍ഷകന്‍ പ്രജീഷിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. പ്രജീഷ് മരിച്ച് പത്താം ദിവസമാണ് കടുവ കൂട്ടിലായത്.

പ്രജീഷ് കൊല്ലപ്പെട്ട കോളനി കവലയ്ക്കു സമീപത്തുള്ള കാപ്പിത്തോട്ടത്തിൽ വച്ചാണ് വനം വകുപ്പ് സ്ഥാപിച്ച കെണിയില്‍ കടുവ കുടുങ്ങിയത്. ഡബ്ല്യുഡബ്ല്യുഎൽ 45 എന്ന കടുവയാണ് കൂട്ടിലായത്. കടുവയെ നിരീക്ഷിക്കാനായി 25 ക്യാമറകളും പിടികൂടാൻ മൂന്ന് കൂടും വനംവകുപ്പ് സ്ഥാപിച്ചിരുന്നു. പ്രജീഷിനെ കൊലപ്പെടുത്തിയതിന് പിന്നാലെ നരഭോജി കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ വനം വകുപ്പ് ഊർജിതമാക്കിയിരുന്നു.

ജനവാസ മേഖലയിലെ കടുവയുടെ സാന്നിധ്യത്തിലും വളർത്തുമൃഗങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിലും ജനങ്ങൾ കടുത്ത ആശങ്കയിലായിരുന്നു. കൂടല്ലൂർ കേന്ദ്രീകരിച്ച് തിരച്ചിൽ നടക്കുന്നതിനിടെ കല്ലൂർക്കുന്നിലും കടുവയുടെ ആക്രമണമുണ്ടായി. കല്ലൂർക്കുന്നില്‍ കടുവ പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തി. ഇതോടെ കടുത്ത ഭീതിയിലായിരുന്നു നാട്ടുകാർ. കടുവ കൂട്ടിലായതിന്‍റെ ആശ്വാസത്തിലാണ് ജനം.