ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വീണ്ടും തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലെസ്റ്റർസിറ്റി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്ററിനെ പരാജയപ്പെടുത്തിയത്.സിറ്റിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.
ആദ്യ പകുതിയിൽ പതിനാലാം മിനുട്ടിൽ ബെർനാടോ സിൽവയുടെ ഗോളിൽ സിറ്റി ലീഡ് എടുത്തതോടെ പതിവ് പോലെ സിറ്റിയുടെ ജയം പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിക്കുന്ന തിരിച്ചു വരവാണ് ലെസ്റ്റർ കിംഗ് പവർ സ്റ്റേഡിയത്തിൽ നടത്തിയത്. 19 ആം മിനുട്ടിൽ മാർക് ആൽബ്രയ്ട്ടന്റെ ഗോളിൽ സമനില പിടിച്ച അവർ പിന്നീടും സിറ്റി പ്രതിരോധത്തെ പ്രതിസന്ധിയിലാക്കി.
രണ്ടാം പകുതിയിൽ സിറ്റി ആക്രമണം വർധിപ്പിച്ചെങ്കിലും ലെസ്റ്ററിന്റെ പ്രതിരോധം മറികടക്കാൻ അവർക്കായില്ല. ലെസ്റ്റർ പക്ഷെ ഒരൽപം വൈകിയെങ്കിലും 81 ആം മിനുട്ടിൽ വിജയ ഗോൾ കണ്ടെത്തി. റിക്കാർഡോ പെരേരയാണ് ഗോൾ നേടിയത്. 89 ആം മിനുട്ടിൽ ഫാബിയൻ ഡെൽഫ് ചുവപ്പ് കാർഡ് കണ്ടതുകൂടി ആയതോടെ സിറ്റിയുടെ ബോക്സിങ് ഡേ പതനം പൂർത്തിയായി. ഇതോടെ സിറ്റി മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഒന്നാമതുള്ള ലിവർപൂളുമായുള്ള അന്തരം ഏഴ് പോയിന്റായി കൂടുകയുംചെയ്തു.