കോഴിക്കോട് യുവതിയെ തീകൊളുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

Jaihind Webdesk
Friday, December 17, 2021

കോഴിക്കോട്: കൊയിലാണ്ടി തിക്കോടിയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തിക്കോടി പഞ്ചായത്തിന് മുന്നിലാണ് യുവാവ് ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടിയെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു.

രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെയാണ് നന്ദു എന്ന യുവാവ് തീ കൊളുത്തിയത്. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ തീ അണച്ചു. തുടര്‍ന്ന് പയ്യോളി സി.ഐ കെ.സി. സുഭാഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.