മാമുക്കോയ നടനായിരുന്നില്ല, അരങ്ങിലും സ്‌ക്രീനിലും ജീവിച്ച മനുഷ്യനായിരുന്നു; ആദരാഞ്ജലി അര്‍പ്പിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, April 26, 2023

തിരുവനന്തപുരം: മാമുക്കോയ നടനായിരുന്നില്ല. അരങ്ങിലും സ്‌ക്രീനിലും ജീവിച്ച മനുഷ്യനായിരുന്നു. എന്നും എപ്പോഴും എവിടേയും ഒരുപച്ച മനുഷ്യനെന്ന് പ്രതിപക്ഷ നേതാവി വിഡി സതീശന്‍ അനുസ്മരിച്ചു. മലയാള സിനിമയില്‍ നാല് പതിറ്റാണ്ടോളം ഹാസ്യ നടനായും സ്വഭാവ നടനായും മാമുക്കോയ നിറഞ്ഞ് നിന്നു. ജീവിതത്തിലും സിനിമയിലും കോഴിക്കോടന്‍ ഭാഷയുടെ സ്‌നേഹം പകര്‍ന്ന കലാകാരന്‍. വെള്ളിത്തിരയിലെ താരമായിരുന്നെങ്കിലും ജീവിതത്തില്‍ സാധാരണക്കാരന്‍. തിരക്കുകള്‍ക്കിടയിലും താരജാഡയില്ലാതെ കോഴിക്കോട് നഗരത്തിലൂടെ നടന്നുവെന്നും പ്രതിപക്ഷ നേതാവ് മാമുക്കോയയെ ഓര്‍ത്തു.

നാടോടിക്കാറ്റിലെ ഗഫൂര്‍ക്ക, സന്ദേശത്തിലെ കെ.ജി പൊതുവാള്‍, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേല്‍പ്പിലെ ഹംസ, കണ്‍കെട്ടിലെ കീലേരി അച്ചു, ഡോക്ടര്‍ പശുപതിയിലെ വേലായുധന്‍ കുട്ടി തുടങ്ങി എന്നും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന എത്രയെത്ര വേഷങ്ങള്‍. ചിരിപ്പിക്കുന്നതിനിടയിലും നമ്മുടെയൊക്കെ ഉള്ളുരുക്കിയ പെരുമഴക്കാലത്തിലെ അബ്ദുവായുള്ള മാമുക്കോയയുടെ വേഷപ്പകര്‍ച്ച മറക്കാനാകില്ല.

നാടകത്തിന്റെ അരങ്ങാണ് മാമുക്കോയയിലെ അഭിനേതാവിന് ഇത്രയേറെ സ്വാഭാവികത നല്‍കിയത്. അഭിനയത്തിനൊപ്പം ഫുട്‌ബോളിനോട് അടങ്ങാത്ത പ്രണയമായിരുന്നു മാമുക്കോയയ്ക്ക്. അതുകൊണ്ടാണ് വണ്ടൂര്‍ കാളികാവില്‍ സെവന്‍സ് ഉദ്ഘാടനത്തിനെത്തിയത്.

‘ഒരു നാടക നടന്‍ മരിക്കുമ്പോള്‍ മാത്രമാണ് അയാളുടെ അഭിനയം അവസാനിക്കുന്നത്. മരണംവരെ അയാള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഒന്നുകില്‍ നാടകത്തില്‍ അല്ലെങ്കില്‍ ജീവിതത്തില്‍. ഡയറക്ടര്‍ ഒകെ പറയുന്ന അഭിനയമാണ് സിനിമ. അവനവന്‍ ഒകെ പറയുന്ന അഭിനയമാണ് നാടകം.’- മാമുക്കോയയുടെ ഈ വാക്കുകള്‍ അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം വ്യക്തമാക്കുന്നതാണെന്നും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തില്‍ പങ്ക്‌ചേരുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു.