ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിച്ച് കേന്ദ്രം, വിട്ടയക്കില്ലെന്ന് മമത ; പ്രധാനമന്ത്രിക്ക് കത്ത്

Jaihind Webdesk
Monday, May 31, 2021

കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറി അല്‍പന്‍ ബന്ദോപാധ്യായയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിച്ച ഉത്തരവ് തന്നെ ഞെട്ടിച്ചുവെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്തിലാണ് ഏകപക്ഷീയമായ കേന്ദ്രത്തിന്‍റെ ഉത്തരവ് തന്നെ സ്തബ്ധയാക്കിയതായി മമത പറഞ്ഞിരിക്കുന്നത്.

ഈ നിര്‍ണായകമായ സമയത്ത് ചീഫ് സെക്രട്ടറിയെ വിട്ടയയ്ക്കാനാവില്ല, വിട്ടയ്ക്കുന്നുമില്ല. നിയമങ്ങള്‍ക്കനുസൃതമായുളള മുന്‍കാല ഉത്തരവ് സാധുതയുളളതാണെന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും കത്തില്‍ മമത പറയുന്നു.

മുന്‍കൂട്ടി നോട്ടീസ് നല്‍കുകയോ, ചര്‍ച്ച നടത്തുകയോ ചെയ്യാതെ അനുഭവപരിജ്ഞാനമുളള ഒരു ഉദ്യോഗസ്ഥനെ തിരികെ വിളിച്ചുകൊണ്ട് ഈ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ ഉണ്ടാക്കുകയില്ലെന്ന് എനിക്കുറപ്പുണ്ട്. നാലുദിവസങ്ങള്‍ക്ക് മുമ്പ് ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങളുടെ സംസ്ഥാനത്തെ അദ്ദേഹത്തിന്‍റെ തുടര്‍ച്ചയായ സാന്നിധ്യം നിര്‍ണായകവും അത്യാവശ്യവുമാണെന്ന് നിങ്ങള്‍ തന്നെ അംഗീകരിച്ചതാണ് – കത്തില്‍ മമത പറയുന്നു.

ബന്ദോപാധ്യായയോട് ഇന്ന്‌ രാവിലെ പത്തുമണിക്ക് ഡല്‍ഹിയില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ചീഫ് സെക്രട്ടറി സംസ്ഥാനത്ത് തുടരുമെന്നും സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി തന്‍റെ കത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. കേന്ദ്രത്തിന്‍റെ ഉത്തരവ് നിയമപരമായി സാധൂകരിക്കാനാവാത്തതാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും മമത ബാനര്‍ജി പറയുന്നു

യാസ് ചുഴലിക്കാറ്റിന്‍റെ കെടുതികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മമത പങ്കെടുക്കാതിരുന്നത് മുതലാണ് കേന്ദ്രവും ബംഗാളും തമ്മിലുളള പുതിയ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. നാശനഷ്ടങ്ങള്‍ സംഭവിച്ച മറ്റൊരു പ്രദേശം തനിക്ക് സന്ദര്‍ശിക്കാനുണ്ടെന്ന് പറഞ്ഞാണ് മമത യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. ചീഫ് സെക്രട്ടറി ബന്ദോപാധ്യയയും അന്ന് മുഖ്യമന്ത്രിക്കൊപ്പം പോയിരുന്നു. ഇതിനെ തുടര്‍ന്ന് അന്നുരാത്രി തന്നെ ചീഫ് സെക്രട്ടറിയെ കേന്ദ്രത്തിലേക്ക് തിരിച്ചുവിളിച്ചുകൊണ്ടുളള ഉത്തരവ് ഇറങ്ങി.