“ഇത് മെഷീന്‍ വിധിയാണ്, ജനത്തിന്‍റെയല്ല” : ഇവിഎമ്മുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മമത ബാനർജി

Jaihind Webdesk
Friday, March 11, 2022

ബിജെപിയുടെ വിജയം  ജനവിധിയല്ലെന്നും മെഷീന്‍വിധിയാണെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ബിജെപി ജനങ്ങളുടെ വോട്ട് കൊള്ളയടിക്കുകയാണ് ചെയ്തിരിക്കുന്നത്. യുപിയിൽ അഖിലേഷ് യാദവിനെ ബലമായി തോൽപ്പിക്കുകയായിരുന്നുവെന്നും ഇതിനെതിരെ അദ്ദേഹം നിയമനടപടി സ്വീകരിക്കണമെന്നും മമത പ്രതികരിച്ചു.

ഇത് ജനവിധിയല്ല. ഇത് മെഷീൻ വിധിയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും ഏകാധിപത്യത്തിലൂടെയും ചില സംസ്ഥാനങ്ങളിൽ ജയിച്ചെന്നതുകൊണ്ടു മാത്രം അവർ ഇപ്പോൾ ആഹ്ലാദിക്കുന്നുണ്ടാകും. 2024ലും വിജയിക്കുമെന്നാകും അവർ വിചാരിക്കുന്നത്. എന്നാൽ, കാര്യങ്ങൾ അത്ര എളുപ്പമാകില്ല-മമത പറഞ്ഞു.

രണ്ടു വർഷത്തിനുശേഷം എന്തു സംഭവിക്കുമെന്ന് ആർക്ക് പ്രവചിക്കാനാകും? വിധി വിധി തന്നെയാണ്. വിധിയും ഉദ്ദേശ്യലക്ഷ്യവും തമ്മിൽ വ്യത്യാസമുണ്ട്. ഇ.വി.എമ്മുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. വരാണസി ജില്ലാ മജിസ്‌ട്രേറ്റ് സസ്‌പെൻഡ് ചെയ്യപ്പെടുന്ന സ്ഥിത പോലുമുണ്ടായെന്നും അവർ ചൂണ്ടിക്കാട്ടി. ഇവിഎമ്മുകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മമത ആവശ്യപ്പെട്ടു.