ആന്ധ്രയിലും തമിഴ്‌നാട്ടിലും ബി.ജെ.പി പൂജ്യത്തില്‍; 200 സീറ്റ് നഷ്ടത്തില്‍ മോദി പുറത്താകും: റിപ്പോര്‍ട്ട് കാര്‍ഡുമായി മമതാ ബാനര്‍ജി

Jaihind Webdesk
Friday, May 17, 2019

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് -ബി.ജെ.പി പോര് രാഷ്ട്രീയത്തിനും അപ്പുറം തെരുവില്‍ ആളിക്കത്തുന്നതിനിടെ ബി.ജെ.പിയുടെ സമ്പൂര്‍ണ്ണ പരാജയം ഉറപ്പുവരുത്തി മമതയുടെ റിപ്പോര്‍ട്ട് കാര്‍ഡ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നൂറ് സീറ്റ് പോലും തികയ്ക്കില്ലെന്ന് മമത ബാനര്‍ജി പ്രവചിക്കുന്നു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 300ലധികം സീറ്റുകള്‍ നേടി ഭരണത്തിലേറുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതീക്ഷ പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായാണ് റിപ്പോര്‍ട്ട് കാര്‍ഡുമായി മമത രംഗത്തെത്തിയത്.

‘ആന്ധ്രയില്‍ ഒരു സീറ്റില്‍ പോലും ബി.ജെ.പി വിജയിക്കില്ല. തമിഴ്നാട്ടില്‍ നിന്നും ബി.ജെ.പിക്ക് കിട്ടാന്‍ പോകുന്നത് പൂജ്യം സീറ്റുകളാണ്. മഹാരാഷ്ട്രയില്‍ 20 സീറ്റുകളിലേക്ക് ചുരുങ്ങും. ബി.ജെ.പിയുടെ 200 സീറ്റുകള്‍ നഷ്ടപ്പെട്ടു’- മമതയുടെ റിപ്പോര്‍ട്ട് കാര്‍ഡില്‍ പറയുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ നിന്നുളള ഒന്‍പതു മണ്ഡലങ്ങളും ജനവിധി തേടുന്നുണ്ട്. ഞായറാഴ്ചയാണ് വോട്ടെടുപ്പ്. ബംഗാളിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യപ്രചാരണം ഇന്നലെ അവസാനിപ്പിച്ചിരുന്നു. ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതിനെ ചൊല്ലി ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുളള വാക്കുതര്‍ക്കം അക്രമത്തില്‍ കലാശിച്ചതോടെയാണ് പരസ്യപ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടിച്ചുരുക്കിയത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയും മമതയും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയായിരുന്നു. മോദിയെ നുണയന്‍ എന്ന് വിളിച്ചാണ് മമത പ്രതികരിച്ചത്. പ്രതിമ തകര്‍ത്തതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ മോദിയെ മമത വെല്ലുവിളിക്കുകയും ചെയ്തു. അല്ലാത്തപക്ഷം മോദിയെ ജയിലിലേക്ക് വലിച്ചിഴക്കുമെന്നും മമത മുന്നറിയിപ്പ് നല്‍കി.