പരീക്ഷാ ക്രമക്കേട് പി.എസ്.സിയുടെ കള്ളക്കളിയുടെ നിയമവശം

Jaihind News Bureau
Wednesday, August 7, 2019

പോലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ചില ഉദ്യോഗാര്‍ത്ഥികളെ ലിസ്റ്റില്‍ നിന്നും നീക്കിയ വാര്‍ത്തയാണ് പി.എസ്.സിയുടെ വിശ്വാസ്യതയുടെ ഉരുക്കു തൂണായി അവതരിപ്പിച്ചുകൊണ്ട് പി.എസ്.സി. ചെയര്‍മാന്‍ രംഗത്തു വന്നരിക്കുന്നത്. കേള്‍ക്കുമ്പോള്‍ നമുക്കു തോന്നും പി.എസ്.സി. ഉചിതമായ നടപടി എടുത്തു. കുറ്റക്കാരെ ലിസ്റ്റില്‍ നിന്നു പുറത്താക്കി. ന്യായവും ധീരവുമായ നടപടി. എന്നാല്‍ നിയമവശങ്ങള്‍ വിലയിരുത്തുമ്പോള്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കള്ളക്കളിയും ലിസ്റ്റില്‍ നിന്നും പുറത്താക്കപ്പെട്ടവരെ സഹായിക്കാനുള്ള പി.എസ്.സിയുടെ വ്യഗ്രതയും ഒരു അന്വേഷണം വിഫലമാക്കാനുള്ള തത്രപ്പാടുമാണ് പി.എസ്.സിയുടെ നടപടി എന്ന് കാണാം.

ഇനി വിഷയത്തെ നിയമപരമായി നമുക്കു സമീപിക്കാം . റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ച ഒരാളെ പി.എസ്.സിയ്ക്ക് ലാഘവത്തോടെ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ നിയമം അനുവദിക്കുന്നുണ്ടോ? ഇതാണ് കാതലായ വിഷയം. നിയമപ്രകാരം ഇവരെ ലിസ്റ്റില്‍ നിന്നു നീക്കം ചെയ്യണമെന്നുണ്ടെങ്കില്‍ പി.എസ്.സി. ഇവര്‍ക്കു നോട്ടീസ് കൊടുക്കണം. അവരെ കേള്‍ക്കണം. അങ്ങനെ സ്വാഭാവിക നീതിയുടെ പാലനം ഉണ്ടാകണം. പി.എസ്.സിയുടെ ചട്ടങ്ങളിലും മറ്റു എല്ലാ നിയമങ്ങളിലും കോടതി വിധികളിലും എല്ലാം ഈ നടപടിക്രമം പാലിയ്ക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇവിടെ സംഭവിച്ചതോ ? ഒരു നോട്ടീസും കൊടുക്കാതെ പട്ടികയില്‍ ഇടം പിടിച്ചവരെ റാങ്ക് ലിസ്റ്റില്‍നിന്നു നീക്കി. ഇത് സദുദ്ദേശമോ ദുരുദ്ദേശമോ ? നീക്കം ചെയ്യപ്പെട്ടവര്‍ക്ക് കോടതി മുഖാന്തിരം തിരികെ ലിസ്റ്റില്‍ എത്താനുള്ള ഒരു നിയമവിരുദ്ധ സഹായമാണ് പി.എസ്.സി. ചെയ്തു കൊടുത്തിരിക്കുന്നത്. ഒന്നു തീര്‍ച്ച സ്വാഭാവിക നീതി പാലിയ്ക്കാതെയാണ് തങ്ങളെ നീക്കിയതെന്ന വാദവുമായി കോടതിയെ ഇവര്‍ സമീപിച്ചാല്‍ പി.എസ്.സിയുടെ നടപടി കോടതി അസാധുവാക്കുമെന്ന് പി.എസ്.സിയക്കും ബന്ധപ്പെട്ടവര്‍ക്കും നല്ലവണ്ണം അറിയാം. അതുകൊണ്ടാണ് സമൂഹത്തില്‍ കത്തി നില്‍ക്കുന്ന ഈ വിഷയത്തില്‍ പി.എസ്.സി കുറ്റക്കാരെ സഹായിക്കുന്നതിനുള്ള നിയമവിരുദ്ധ നടപടി കൈക്കൊണ്ട് സഹായം നല്‍കുന്നത്. ഇതിന് പി.എസ്.സിയ്ക്കു പുറത്തുള്ള സി.പി.എം. നേതാക്ക•ാര്‍ക്കും ഗവണ്മെന്റിനും ഒക്കെ പങ്കുണ്ട്. അവിടെ ഒരു ഗൂഢാലോചനയുണ്ട്. ഗുരുതരമായ ഒരു കൃത്യത്തിലെ കുറ്റാരോപിതരെ സഹായിക്കാനുള്ള ഓട്ടമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ വിപുലമായ ഒരു അന്വേഷണം അനിവാര്യമാണ്.

ഇവിടെ മൂന്നു പേരെയാണ് ലിസ്റ്റില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. ഇവര്‍ മൂന്നു പേര്‍ക്കും വ്യത്യസ്തമായ 3 സെന്ററുകളാണ് പരീക്ഷയ്ക്കു അനുവദിച്ചിരുന്നത്. പരീക്ഷാ കേന്ദ്രത്തിന്റെ ചുമതല പി.എസ്.സി. ഉദ്യോഗസ്ഥനാണ്. അയാളുടെ അറിവില്ലാതെ എസ്.എം.എസ്. മുഖാന്തിരം വരുന്ന ഉത്തരങ്ങള്‍ എഴുതാന്‍ ഇവര്‍ക്ക് കഴിയില്ല. മാത്രവുമല്ല, പരീക്ഷാ ഹാളിലാണ് ഇത്തരം കള്ളം കാണിച്ചാല്‍ മറ്റു പരീക്ഷാര്‍ത്ഥികള്‍ വെറുതെയിരിക്കുമെന്ന വിചാരിക്കുന്നുണ്ടോ ? അവര്‍ ബഹളം ഉണ്ടാക്കില്ലേ ? ഇതില്‍ നിന്നു വ്യക്തമാകുന്നത് ഇവര്‍ക്കു 3 പേര്‍ക്കും പരീക്ഷാ ഹാളിനു പുറത്തുള്ള ഏതോ സങ്കേതത്തില്‍ പരീക്ഷ എഴുതുന്നതിനുള്ള സംവിധാനം പി.എസ്.സി. തന്നെ ചെയ്തുകൊടുത്തു എന്നാണ്. ഇതിന് പി.എസ്.സി. ചെയര്‍മാന്റേയും അംഗങ്ങളുടെ ഒത്താശയുണ്ട്. ഇത് ചെയ്തുകൊടുക്കുന്നതിന് ഉന്നതങ്ങളില്‍ നിന്നുള്ള ബാഹ്യപ്രേരണയും പി.എസ്.സി.ക്കുണ്ടായിട്ടുണ്ട്. എസ്.എം. എസ്. മുഖാന്തിരം ഉത്തരം വന്നുവെങ്കില്‍ എസ്.എം.എസ്. ആയി ഉത്തരം അയച്ച ആളിന് ചോദ്യ പേപ്പര്‍ എവിടെ നിന്നു കിട്ടി. ഈ ചോദ്യവും പ്രസ്‌ക്തമാണ്. ചോദ്യപേപ്പര്‍ പുറത്തു പോയത് പരീക്ഷാ ഹാളില്‍ നിന്നാകാം .അല്ലെങ്കില്‍ പി.എസ്.സി. തന്നെ ചോദ്യക്കടലാസ് ചോര്‍ത്തിക്കൊടുത്തിരിക്കാം. പുറത്താക്കപ്പെട്ടവര്‍ പരീക്ഷ അവര്‍ക്കനുവദിച്ച കേന്ദ്രങ്ങളില്‍ത്തന്നെയാണോ എഴുതിയത് ? അതോ ഇവരെ പ്രത്യേകമായി ഏതെങ്കിലും കേന്ദ്രത്തിലിരുത്തി പരീക്ഷ എഴുതിച്ച ശേഷം അനുവദിച്ച കേന്ദ്രത്തില്‍ പരീക്ഷ എഴുതിയത് ആക്കിയതാണോ ? ഇങ്ങനെ ഉയരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ ഒരു സി.ബി.ഐ അന്വേഷണം അനിവാര്യമാണ്. വിശ്വാസ്യത നഷ്ടപ്പെട്ട പി.എസ്.സിയെ പിരിച്ചുവിടേണ്ടതും ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള മന:സംഘര്‍ഷത്തിന് അത്യന്താപേക്ഷിതമാണ്.

അഡ്വ. പി.റഹിം,
ഫോണ്‍ : 9446703707

ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്സിന്റെ മുന്‍ പ്രസിഡന്റാണ് ലേഖകന്‍.