ചികിത്സാപിഴവ് പരാതികൾ, നഴ്സിം​ഗ് പ്രവേശന പ്രതിസന്ധി; ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോ​ഗം ഇന്ന്

Wednesday, May 22, 2024

 

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ ചികിത്സാ പിഴവുകൾ ചർച്ച ചെയ്യുവാൻ ഉന്നതതല യോഗം ഇന്ന് ചേരും. കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ വിവിധ ആശുപത്രികൾക്കെതിരെ ഉയർന്നിരിക്കുന്ന വ്യാപക പരാതിയുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രി യോഗം വിളിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മാരും ഡപ്യൂട്ടി സൂപ്രണ്ട് മാരും  യോഗത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. ശസ്ത്രക്രിയകളിൽ ഉൾപ്പെടെ ഗുരുതരമായ ചികിത്സ പിഴവാണ് കഴിഞ്ഞ ദിവസങ്ങളിൽ മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ ഉണ്ടായത്. ചികിത്സാ പിഴവിനെ കുറിച്ച് വലിയ പരാതികൾ ഉയര്‍ന്നിട്ടും ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങൾ ഉണ്ടാകാത്തത് കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് ഉന്നതതല യോഗം വിളിച്ചത്.

നഴ്‌സിങ് പ്രവേശന പ്രതിസന്ധി പരിഹരിക്കുന്നതിന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. രാവിലെ 11 മണിക്ക് ചർച്ച. 2017 മുതലുള്ള ഓരോ അപേക്ഷയ്ക്കും 18% ജിഎസ്ടി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് നഴ്‌സിംഗ് പ്രവേശനം പ്രതിസന്ധിയിലാക്കിയത്. ഇതോടെ 50 ശതമാനം മാനേജ്മെന്‍റ് സീറ്റുകൾ വിട്ടു നൽകില്ലെന്നും ഏക ജാലകപ്രവേശന സംവിധാനത്തിൽ നിന്ന് പിന്മാറുന്നതായും മാനേജ്മെന്‍റുകൾ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പ്രവേശന പ്രതിസന്ധി ഉടലെടുത്തത്. ഈ യോഗത്തിൽ പരിഹാരമായില്ലെങ്കിൽ ഇത്തവണത്തെ നഴ്സിംഗ് പ്രവേശനം അവതാളത്തിലാകും.