തിരുവനന്തപുരം: മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടി ചീഫ് സെക്രട്ടറി. അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. വിവാദത്തില്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെ സംശയത്തിന്റെ നിഴലിലാക്കുന്നതാണ് സംസ്ഥാന പൊലീസ് മേധാവിക്ക് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്.
മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ സൂചന നല്‍കുന്നതാണ് ചീഫ് സെക്രട്ടറി നടത്തിയ ഇടപെടല്‍. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിനോട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ നിര്‍ദേശിച്ചത്. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ നടപടികള്‍ സംശയാസ്പദമാണെന്ന പരാമര്‍ശത്തോടെയുള്ള റിപ്പോര്‍ട്ടാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍ കുമാര്‍ ഡിജിപിക്ക് കൈമാറിയത്. ഇരു ഫോണുകളും ഫോര്‍മാറ്റ് ചെയ്ത് നല്‍കിയ രീതിയിലാണ് കമ്മീഷണര്‍ സംശയം പ്രകടിപ്പിച്ചത്. പൊലീസിന് നല്‍കും മുന്‍പ് ഗോപാലകൃഷ്ണന്‍ ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്തു.
മൂന്നോ നാലോ തവണ റീസെറ്റ് ചെയ്തു. അതിനാല്‍ ഫൊറന്‍സിക് പരിശോധനയില്‍ ഹാക്കിങ് നടന്നോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാനായില്ല. സ്വകാര്യ വിവരങ്ങള്‍ നീക്കം ചെയ്യുന്നുവെന്നറിയിച്ച ശേഷമായിരുന്നു ഫോര്‍മാറ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ ഗോപാലകൃഷ്ണനെ സംശയനിഴലില്‍ നിര്‍ത്തി എന്‍. പ്രശാന്ത് ഐഎഎസും രംഗത്തെത്തി. സ്വയം കുസൃതി ഒപ്പിച്ച് പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരില്‍ കൂടി വരുന്നുവെന്നായിരുന്നു പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.