ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം; മല്ലികാർജുന്‍ ഖാർഗെ പങ്കെടുക്കുന്ന മഹാസമ്മേളനം തൃശൂരില്‍ ഫെബ്രുവരി 4 ന്

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അവസാനഘട്ട പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് ഫെബ്രുവരി 4ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്ന മഹാസമ്മേളനത്തോടെ തുടക്കമാകുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. സംസ്ഥാനത്തെ 25,177 ബൂത്തുകളില്‍ നിന്ന് ബൂത്ത് പ്രസിഡന്‍റ്, വനിതാ വൈസ് പ്രസിഡന്‍റ്, ബിഎല്‍എമാര്‍ എന്നിങ്ങനെ മൂന്ന് പേര്‍ അടങ്ങുന്ന 75000 ത്തില്‍പ്പരം പ്രവര്‍ത്തകരും മണ്ഡലം മുതല്‍ എഐസിസി തലം വരെയുള്ള കേരളത്തില്‍ നിന്നുള്ള ഭാരവാഹികളും ഉള്‍പ്പെടെ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കും. ശനിയാഴ്ച വൈകുന്നേരം 3.30ന് തേക്കിന്‍കാട് മൈതാനത്താണ് സമ്മേളനം.

ഫെബ്രുവരി 4 ഞായറാഴ്ച വൈകുന്നേരം 3.30ന് തേക്കിന്‍കാട് മൈതാനത്താണ് സമ്മേളനം. സമ്മേളനം വന്‍ വിജയമാക്കുന്നതിന് ആവശ്യമായ വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന കെപിസിസി ഭാരവാഹിയോഗം തീരുമാനിച്ചു. ബൂത്ത് ശാക്തീകരണത്തിലൂടെ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനക്ഷമത അടിമുടി മാറ്റിമറിക്കുന്നതിന് സമ്മേളനം തുടക്കം കുറിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബൂത്ത് പ്രസിഡന്‍റ്, വനിതാ വൈസ് പ്രസിഡന്‍റ്, ബിഎല്‍എ എന്നിവരുമായി നേരിട്ട് സംവാദം നടത്തും എന്നതാണ് തൃശൂര്‍ നടക്കുന്ന മഹാസമ്മേളനത്തിന്‍റെ പ്രത്യേകത.

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തുന്ന പര്യടനത്തിന്‍റെ ഭാഗമായാണ് കേരളത്തിലും ബൂത്ത് തലം വരെയുള്ള ഭാരവാഹികളുമായി സംവദിക്കുന്ന മഹാസമ്മേളനം വിളിച്ചുചേര്‍ക്കുന്നത്.

കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍,  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ. ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍, കെപിസിസി പ്രചാരണ സമിതി ചെയര്‍മാന്‍ കെ. മുരളീധരന്‍ എംപി, എഐസിസി ഭാരവാഹികള്‍, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്‍റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി, ബ്ലോക്ക്-മണ്ഡലം ഭാരവാഹികള്‍, പോഷക സംഘടനകളുടെയും സെല്ലുകളുടേയും ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

Comments (0)
Add Comment