
ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെതിരെ നടത്തിയ ആക്രമണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ്. മഹാത്മാഗാന്ധിയുടെ വധത്തിന് പിന്നാലെ ആര്‍.എസ്.എസിനെ വിമര്‍ശിച്ചുകൊണ്ട് പട്ടേല്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.
ഇന്ന് സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷികവും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവുമാണെന്ന് ചൂണ്ടിക്കാട്ടിയ ഖാര്‍ഗെ, ‘ഉരുക്കുമനുഷ്യന്‍’, ‘ഉരുക്കുവനിത’ എന്നീ രണ്ട് മഹാന്‍മാരായ നേതാക്കളും രാജ്യത്തിന് വലിയ സംഭാവനകള്‍ നല്‍കുകയും ഐക്യം നിലനിര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്തുവെന്ന് പറഞ്ഞു. ഇത് കോണ്‍ഗ്രസിന്റെ ചരിത്രവും സംഭാവനയുമാണെന്നും അദ്ദേഹം ഒരു പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
സര്‍ദാര്‍ പട്ടേല്‍ എല്ലാ നാട്ടുരാജ്യങ്ങളെയും പോലെ കശ്മീരിനെയും ഇന്ത്യയുമായി ഏകീകരിക്കാന്‍ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അതിന് അനുവദിച്ചില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഖാര്‍ഗെയുടെ പ്രതികരണം. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരുടെ പാര്‍ട്ടിയെക്കുറിച്ച് ഇന്ന് ആളുകള്‍ അഭിപ്രായം പറയുന്നു. എന്നാല്‍ നമ്മള്‍ ആര്‍.എസ്.എസിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ നേരിട്ട് ആക്രമിക്കപ്പെടും. സര്‍ദാര്‍ പട്ടേലിന്റെ വാക്കുകള്‍ ഞാന്‍ ഓര്‍മ്മിപ്പിക്കാം – 1948 ഫെബ്രുവരി 4-ന് പട്ടേല്‍ ശ്യാമപ്രസാദ് മുഖര്‍ജിക്ക് എഴുതിയ കത്തില്‍, മഹാത്മാഗാന്ധിയുടെ മരണത്തില്‍ ആര്‍.എസ്.എസ്. സന്തോഷം പ്രകടിപ്പിച്ചത് സാഹചര്യം വഷളാക്കിയെന്നും സര്‍ക്കാരിന് അതിനെതിരെ നടപടിയെടുക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലായിരുന്നുവെന്നും പറഞ്ഞു. ആര്‍.എസ്.എസ്.സിന്റെയും ഹിന്ദു മഹാസഭയുടെയും പ്രവര്‍ത്തനങ്ങള്‍ ഗാന്ധിജിയുടെ വധത്തിലേക്ക് നയിച്ച അന്തരീക്ഷം സൃഷ്ടിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ കൊലപാതകത്തിന് ഉത്തരവാദികളായവര്‍ ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍ദാര്‍ പട്ടേലിനെ ഓര്‍ക്കുന്നില്ലെന്ന് അവകാശപ്പെടുന്നു – ഗുജറാത്തില്‍ നിന്നുള്ള രണ്ട് വലിയ നേതാക്കള്‍ ഇത് പറയുന്നത് വിചിത്രമാണ്,’ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ആര്‍.എസ്.എസിനെ വീണ്ടും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, ‘ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, അത് ഉണ്ടാകണമെന്ന് ഞാന്‍ തുറന്നു പറയുന്നു. വല്ലഭായ് പട്ടേല്‍ അവതരിപ്പിച്ച കാഴ്ചപ്പാടുകളെ പ്രധാനമന്ത്രി ബഹുമാനിക്കുന്നുവെങ്കില്‍ ഇത് നടപ്പിലാക്കണം. രാജ്യത്തെ എല്ലാ തെറ്റുകളും ക്രമസമാധാന പ്രശ്‌നങ്ങളും ബി.ജെ.പിയും ആര്‍.എസ്.എസും കാരണമാണ്,’ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ഗാന്ധിജിയുടെ കൊലപാതകത്തിന് കാരണമായ അന്തരീക്ഷം സൃഷ്ടിച്ചത് ആര്‍.എസ്.എസ്. ആണെന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദ്ദാര്‍ പട്ടേല്‍ ശ്യാമപ്രസാദ് മുഖര്‍ജിക്ക് എഴുതിയ കത്തില്‍ പറഞ്ഞിരുന്നുവെന്ന് ഖാര്‍ഗെ ഉദ്ധരിച്ചു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും ആഭ്യന്തര മന്ത്രി പട്ടേലും തമ്മില്‍ മികച്ച ബന്ധമാണ് ഉണ്ടായിരുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. ഇന്ത്യയുടെ ഐക്യം രൂപപ്പെടുത്തുന്നതില്‍ നെഹ്‌റു പട്ടേലിനെ പ്രശംസിച്ചപ്പോള്‍, പട്ടേല്‍ നെഹ്‌റുവിനെ രാജ്യത്തിന് ഒരു മാതൃക എന്നാണ് വിശേഷിപ്പിച്ചതെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. ആര്‍.എസ്.എസിനെ നിരോധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, മിക്ക പ്രശ്‌നങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ബി.ജെ.പി-ആര്‍.എസ്.എസ്. കാരണം ഉണ്ടാകുന്നതുകൊണ്ട് ‘അത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, അത് ചെയ്യണം’ എന്ന് ഖാര്‍ഗെ ആവര്‍ത്തിച്ചു.