Mallikarjun Kharge | സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ തലമുറമാറ്റം അനിവാര്യം; മോദി സര്‍ക്കാര്‍ നയത്തില്‍ സാമ്പത്തിക ജഡത്വമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ

Jaihind News Bureau
Thursday, July 24, 2025

ന്യൂഡല്‍ഹി: രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ പുതിയ തലമുറ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അടിയന്തരമായി നടപ്പാക്കേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. എന്നാല്‍ കഴിഞ്ഞ 11 വര്‍ഷമായി നരേന്ദ്ര മോദി സര്‍ക്കാര്‍ നയങ്ങളില്‍ സാമ്പത്തിക ജഡത്വമാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. 1991ലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ചരിത്രപരമായ ഉദാരവല്‍ക്കരണ ബജറ്റിനെ അനുസ്മരിച്ചുകൊണ്ടാണ് ഖാര്‍ഗെ കേന്ദ്രസര്‍ക്കാരിന് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

മോദി സര്‍ക്കാരിന്റെ കാഴ്ചപ്പാടും പ്രവര്‍ത്തനവും ഇല്ലാത്ത ദുരന്തപൂര്‍ണ്ണമായ സാമ്പത്തിക നയങ്ങള്‍ കാരണം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞ നിരക്കിലാണെന്ന് അദ്ദേഹം ആരോപിച്ചു. ‘രാജ്യത്ത് അസമത്വം വര്‍ധിച്ചു, വേതന വളര്‍ച്ച ദയനീയമായി സ്തംഭിച്ചു, ഗാര്‍ഹിക സമ്പാദ്യം ഇല്ലാതായിക്കൊണ്ടിരിക്കുന്നു, യുവാക്കള്‍ക്ക് തൊഴിലില്ല, ബിജെപിയ്ക്കു വേണ്ടപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടി ഇടത്തരക്കാരെയും പാവങ്ങളെയും കൊള്ളയടിക്കുന്നു, കൂടാതെ നമ്മുടെ കാര്‍ഷിക, വ്യാവസായിക മേഖലകളെ ദോഷകരമായി ബാധിക്കുന്ന ഒരു വ്യാപാര യുദ്ധവും നമ്മള്‍ നേരിടുകയാണ്,’ ഖാര്‍ഗെ പറഞ്ഞു.

1991ല്‍ അന്നത്തെ ധനമന്ത്രി മന്‍മോഹന്‍ സിംഗ് അവതരിപ്പിച്ച സാമ്പത്തിക ഉദാരവല്‍ക്കരണ ബജറ്റിന്റെ 34-ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ ബജറ്റ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നിമിഷമായിരുന്നുവെന്നും അത് രാജ്യത്തിനും പൗരന്മാര്‍ക്കും കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെയും ധനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, വരും തലമുറകള്‍ക്കായി ഇടത്തരക്കാരെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഒരു പരമ്പരയിലൂടെ ഇന്ത്യ ഒരു പരിവര്‍ത്തന യാത്ര ആരംഭിച്ചുവെന്നും ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.

ഇന്ത്യയുടെ സമഗ്രമായ വളര്‍ച്ചയെ ഗണ്യമായി ഉത്തേജിപ്പിക്കുകയും കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ സഹായിക്കുകയും ചെയ്ത സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വളരെയധികം അഭിമാനിക്കുന്നുവെന്ന് ഖാര്‍ഗെ പറഞ്ഞു.’ഇന്ന്, ശക്തമായ രണ്ടാം തലമുറ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നമുക്ക് വീണ്ടും ആവശ്യമായി വന്നിരിക്കുന്നു. ഇടത്തരക്കാര്‍ക്കും പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനകരമാകുന്ന ഈ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെങ്കിലും, ധീരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ കഴിഞ്ഞ 11 വര്‍ഷമായി ഒരു നിശ്ചലത്വം നിലനില്‍ക്കുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.