സെന്‍സസ് വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ; ജാതി സെന്‍സസിനുള്ള നടപടികള്‍ ഉള്‍പ്പെടെ അടിയന്തരമായി ആരംഭിക്കണമെന്നും ഖാര്‍ഗെ

Jaihind News Bureau
Tuesday, April 1, 2025

സെന്‍സസ് വൈകുന്നതില്‍ രാജ്യസഭയില്‍ ആശങ്ക പ്രകടിപ്പിച്ച് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇന്ത്യയില്‍ 1881 ല്‍ ആരംഭിച്ച സെന്‍സസ് എന്‍ ഡി എ ഭരണകാലം എത്തും വരെ മുടക്കമില്ലാതെയാണ് നടന്നത്. രാാജ്യത്തെ സാമൂഹിക സാമ്പത്തിക നിലവാരം സെന്‍സസിലൂടെയാണ് അറിഞ്ഞിരുന്നത്. ഇന്ത്യ പാകിസ്ഥാന്‍ യുദ്ധ സമയത്തു പോലും സെന്‍സസ് നടന്നിട്ടുണ്ട്. 1931 ലെ സെന്‍സസിനോടൊപ്പം ജാതി സെന്‍സസും നടത്തിയിരുന്നു. എന്നാല്‍ ചരിത്രത്തിലാദ്യമാണ് മോദി സര്‍ക്കാരിന് കീഴില്‍ ഈ ക്രമം ലംഘിക്കപ്പെടുന്നത്. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇതുമൂലം വൈകുന്നതായും അദ്ദേഹം പറഞ്ഞു. ജാതി സെന്‍സസിനുള്ള നടപടികള്‍ ഉള്‍പ്പെടെ അടിയന്തരമായി ആരംഭിക്കണമെന്നും അദ്ദഹം ആവശ്യപ്പെട്ടു.

സെന്‍സസിലെ കാലതാമസം സംബന്ധിച്ച വിഷയം രാജ്യസഭയുടെ ശൂന്യവേളയിലാണ് ഖാര്‍ഗെ ഉന്നയിച്ചത്. ജനസംഖ്യാ കണക്കുകള്‍ മാത്രമല്ല, തൊഴില്‍, കുടുംബ ഘടനകള്‍, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍, ഉള്‍പ്പെടെയുള്ള നിരവധി പ്രധാന മാനദണ്ഡങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതിലൂടെ ശേഖരിക്കപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധവും 1971-72 ലെ ഇന്ത്യ-പാക് യുദ്ധവും ഉണ്ടായിരുന്നിട്ടും, ആ സമയത്തും സെന്‍സസ് മുടങ്ങിയില്ല. ചരിത്രത്തില്‍ ആദ്യമായി, സെന്‍സസില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തിയിരിക്കുന്നുവെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി.

സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്തണം എന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വച്ചു. കണക്കെടുപ്പിലൂടെ എസ്സി, എസ്ടി എന്നിവരുടെ ഡാറ്റ ശേഖരിക്കുന്നുന്നുണ്ട്. അതുപോലെ മറ്റ് ജാതികളുടേയും കണക്കുകള്‍ ഇതുവഴി എടുക്കാനാകും. എന്നാല്‍ സെന്‍സസിലെന്ന പോലെ ജാതി സെന്‍സസിലും സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ഈ വര്‍ഷത്തെ ബജറ്റിലും സെന്‍സസിനായി 575 കോടി രൂപ മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. ഇത് അപര്യാപ്തമാണ്. അതേസമയം, കൊറോണ ഉണ്ടായിരുന്നിട്ടും ലോകത്തിലെ 81% രാജ്യങ്ങളും സെന്‍സസ് ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കി എന്ന വിവരവും അദ്ദേഹം സഭയെ ഓര്‍മ്മിപ്പിച്ചു. സെന്‍സസിലെ കാലതാമസം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഖാര്‍ഗേ താക്കീതു നല്‍കി. അടിസ്ഥാന ഡാറ്റയുടെ അഭാവം മൂലം, ഏകപക്ഷീയമായ നയങ്ങളാണ് നിര്‍മ്മിക്കപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉപഭോക്തൃ സര്‍വേ, ദേശീയ കുടുംബാരോഗ്യ സര്‍വേ, ആനുകാലിക തൊഴില്‍ സേന സര്‍വേ, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം, ദേശീയ സാമൂഹിക സഹായ പരിപാടി എന്നിവയുള്‍പ്പെടെ നിരവധി പ്രധാന സര്‍വേകളും ക്ഷേമ പരിപാടികളും സെന്‍സസ് ഡാറ്റയെ ആശ്രയിച്ചിരിക്കുന്നു. ഈ കാലതാമസം കാരണം കോടിക്കണക്കിന് പൗരന്മാര്‍് ക്ഷേമ പദ്ധതികളുടെ പരിധിക്ക് പുറത്തായി എന്നത് പ്രധാനപ്പെട്ട വിഷയമാണ്. അതുകൊണ്ട്, സെന്‍സസും ജാതി സെന്‍സസും ഉടന്‍ ആരംഭിക്കണമെന്ന് ഞാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു