മുന്‍നിരപ്പോരാളി, പ്രായം തളർത്താത്ത പോരാട്ട വീര്യം; കോണ്‍ഗ്രസിനെ നയിക്കാന്‍ ഖാർഗെ എത്തുമ്പോള്‍

Jaihind Webdesk
Wednesday, October 19, 2022

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളിൽ പരിഹാരം കാണാൻ പാർലമെന്‍റിന് അകത്തും പുറത്തും മുമ്പന്തിയിൽ നിൽക്കുന്ന നേതാവാണ് മല്ലികാർജുൻ ഖാർഗെ. കഴിഞ്ഞ വർഷകാല പാർലമെന്‍റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി മുന്നിൽ നിന്ന് നയിച്ചതും ഖാർഗെയാണ്. 80-ാം വയസിലും ചോരാത്ത ആ പോരാട്ട വീര്യം കോൺഗ്രസിന് പുത്തനുണർവ് സമ്മാനിക്കും.

കോളേജ് പഠനകാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന മലികാർജുൻ ഖാർഗെ 1962 ലാണ് കോൺഗ്രസ് പാർട്ടിയില്‍ അംഗമാകുന്നത്. പൊതുപ്രവർത്തനത്തിലൂടെ ജനമനസുകളിൽ സ്ഥാനം പിടിച്ച ഖാർഗെ താഴെത്തട്ടിലുള്ളവരുടെ ശബ്ദമായി മാറി. 1972-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഗുർമിട്ക്കൽ മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണയാണ് കർണാടക മുഖ്യമന്ത്രി സ്ഥാനത്തിന് നേരെ ഖാർഗെ മുഖം തിരിച്ചത്. ഒരിക്കൽപ്പോലും സ്ഥാനങ്ങൾക്ക് പിന്നാലെ ഓടിയിട്ടില്ല. 2008 വരെ തുടർച്ചയായി ഒമ്പത് തവണയാണ് ഖാർഗെ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്.

സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വം നൽകിയ മന്ത്രിസഭകളിൽ വിദ്യാഭ്യാസം, ഗ്രാമവികസനം, റവന്യു, ഗതാഗതം, ആഭ്യന്തരം തുടങ്ങി ഏഴ് ക്യാബിനറ്റ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും ഖാർഗെ പ്രവർത്തിച്ചു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് കർണാടകയിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പരിഷ്‌ക്കരണങ്ങളും പദ്ധതികളും നടപ്പിലാക്കി. 2005 മുതൽ 2008 വരെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദം അലങ്കരിച്ച ഖാർഗെ 2009ൽ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മൻമോഹൻ സിംഗ് സർക്കാരിന്‍റെ രണ്ടാം മന്ത്രിസഭയിൽ തൊഴിൽ, റെയിൽ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. 2014ൽ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2020ൽ രാജ്യസഭാംഗമായ അദ്ദേഹം പ്രതിപക്ഷ നിരയുടെ അമരക്കാരനായി. കർഷക സമരം, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റംം അടക്കമുള്ള പ്രശ്‌നങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ തന്‍റെ പ്രായത്തെ പോലും ഗൗനിക്കാതെ അഹോരാത്രം പോരാടിയ പോരാളി കൂടിയാണ് ഖാർഗെ.