പാര്‍ട്ടി തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ ഡി.സി.സി പ്രസിഡന്റുമാരുടെ അഭിപ്രായങ്ങള്‍ക്ക് പ്രഥമിക പരിഗണനയെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Jaihind News Bureau
Thursday, March 27, 2025

പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ ഡി.സി.സി പ്രസിഡന്റുമാരുടെ അഭിപ്രായങ്ങള്‍ക്ക് പ്രഥമിക പരിഗണന നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. കേവലം ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മാത്രം ഡി.സി.സി പ്രസിഡന്റുമാരെ നിയമിക്കുന്നത് അവസാനിപ്പിക്കും. ഡല്‍ഹിയില്‍ എഐസിസ വിളിച്ചു ചേര്‍ത്ത ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സികള്‍ ശക്തമായാല്‍ മാത്രമെ സംഘടനാ സംവിധാനം ശക്തമാകൂവെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ എ.ഐ.സി.സി ആസ്ഥാനമായ ഇന്ദിരാഗാന്ധി ഭവനിലാണ് യോഗം ചേര്‍ന്നത്.

അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സമ്മേളനത്തിന് തൊട്ടുമുമ്പാണ് ഈ യോഗം വിളിച്ചു ചേര്‍ത്തത്. കേരളത്തില്‍ നിന്ന് അടക്കം 13 സംസ്ഥാനങ്ങളില്‍ നിന്നും 3 കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ജില്ലാ പ്രസിഡന്റുമാര്‍ യോഗത്തില്‍ പങ്കെടുത്തു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, എ.ഐ.സി.സി സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാര്‍, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ അടക്കമുള്ള പി.സി.സി പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുത്തു. ബി.ജെ.പിക്കും ആര്‍എസ്എസിനുമെതിരെ പാര്‍ലമെന്റിനകത്തും പുറത്തും തുടരുന്ന പോരാട്ടം തെരുവിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നും ഇതില്‍ ജില്ലാ പ്രസിഡന്റുമാരുടെ പങ്ക് നിര്‍ണ്ണായകമാണെന്നും ആമുഖ പ്രസംഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.

പാര്‍ട്ടിയുടെ സന്ദേശവാഹകര്‍ മാത്രമല്ല, ഗ്രൗണ്ടില്‍ മുന്നില്‍ നിന്ന് നയിക്കുന്ന ജനറല്‍മാരാണ് ഡി.സി.സി പ്രസിഡന്റുമാര്‍. പ്രാദേശിക നേതാക്കളുടെ ശിപാര്‍ശകളെ അടിസ്ഥാനമാക്കി മാത്രം നിയമനങ്ങള്‍ നടത്തുന്നത് ഇനി ഒഴിവാക്കും. പകരം ഏറ്റവും കഴിവുള്ള, പ്രതിബദ്ധതയുള്ള, കഠിനാധ്വാനികളായ വ്യക്തികളെ കണ്ടെത്തി അവരെയാകും ജില്ലാ പ്രസിഡന്റുമാരാക്കുകയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.

അടുത്ത വര്‍ഷം കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കും. ഓരോ ജില്ലയിലെയും സ്ഥാനാര്‍ത്ഥിക്കും വിജയം ഉറപ്പാക്കേണ്ടത് ജില്ലാപ്രസിഡന്റുമാരുടെ ഉത്തരവാദിത്തമാണ്. ദേശീയതലത്തില്‍ ഒരുമിച്ച് പോരാടുകയാണ്. പക്ഷേ താഴെത്തട്ടില്‍ പാര്‍ട്ടിയുടെ ആദ്യ പ്രതിരോധനിര ഡി.സി.സി പ്രസിഡന്റുമാരാണ്. പാര്‍ട്ടി തന്ത്രം ആസൂത്രണം ചെയ്യുന്നതില്‍ ഡി.സി.സി ഇന്‍പുട്ടുകള്‍ നിര്‍ണായകമാകും. നേതൃത്വം ഉറപ്പായും അവ കണക്കിലെടുക്കും.

ഡി.സി.സികള്‍ ശക്തമായാല്‍ മാത്രമെ സംഘടനാ സംവിധാനം ശക്തമാകൂവെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയില്‍ വോട്ടര്‍പട്ടികയില്‍ വ്യാപകമായി കൃത്രിമത്വം കണ്ടെത്തിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇക്കാര്യത്തില്‍ അതീവ ജാഗ്രതപുലര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നിര്‍ദ്ദേശിച്ചു. ഡി.സി.സികള്‍ ശക്തമാകാതെ സംഘടനാ സംവിധാനം ശക്തിപ്പെടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്നിലുള്ള പോരാട്ടം വളരെ വലുതാണ്. പ്രസംഗങ്ങളും പോരാട്ടവും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ കേന്ദ്രീകൃതമാണെന്ന് ഉറപ്പാക്കണം. അതില്‍ നിന്നും ബിജെപി ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കും, പക്ഷേ ഡി.സി.സി പ്രസിഡന്റുമാരും ടീമുകളും യഥാര്‍ത്ഥ പ്രശ്നങ്ങളിലേക്ക് ജനശ്രദ്ധ തിരികെ കൊണ്ടുവരണമെന്നും ഖാര്‍ഗെ നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസ് കെട്ടിപ്പടുത്ത സ്വതന്ത്ര സ്ഥാപനങ്ങള്‍ കഴിഞ്ഞ 11 വര്‍ഷമായി അധികാരത്തിലിരിക്കുന്നവരുടെ ആക്രമണത്തിന് വിധേയമാണ്. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തോട് കൂറ് പുലര്‍ത്തുന്ന വിരലിലെണ്ണാവുന്ന ആളുകളാണ് ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത്. സംസ്ഥാന തലത്തില്‍ തിരഞ്ഞെടുപ്പ് വിജയിക്കുന്നതിനുള്ള ദീര്‍ഘകാല തന്ത്രങ്ങളുണ്ടാക്കി ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ ആഹ്വാനമുണ്ടായി.