
വനിതാ സംവരണ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പുരുഷന്‍. ബിജെപി സ്ഥാനാര്‍ത്ഥിയായ കെ. അനീഷ് ആണ് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വനിതാ സംവരണ ഡിവിഷനായ കോളയാട് മത്സരിക്കാന്‍ പത്രിക നല്‍കിയത്. സംവരണ ഡിവിഷനില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ ആരും പത്രിക സമര്‍പ്പിച്ചിരുന്നില്ല. അനീഷ് വനിതാ സംവരണ ഡിവിഷനിലെ കൂടാതെ ജനറല്‍ ഡിവിഷനായ ആലച്ചേരിയിലും പത്രിക നല്‍കിയിരുന്നു.
കോളയാട് വനിതാ സംവരണ വാര്‍ഡ് ആയതിനാല്‍ അനീഷിന്റെ പത്രിക വരണാധികാരി ആദ്യം തന്നെ തള്ളി. ഒരാള്‍ക്ക് ഒരേ സമയം രണ്ട് ഡിവിഷനുകളില്‍ പത്രിക നല്‍കാന്‍ സാധിക്കാത്തതിനാല്‍, സൂക്ഷ്മപരിശോധനയില്‍ ആലച്ചേരിയിലെ അനീഷിന്റെ പത്രികയും തള്ളി. ഇതോടെ, രണ്ട് ഡിവിഷനുകളിലും ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ലാതാവുകയും ഇത് പാര്‍ട്ടിയെ വലിയ രാഷ്ട്രീയ നാണക്കേടിലേക്ക് എത്തിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്തിലെ ഡിവിഷന്റെ പേരും പഞ്ചായത്തിന്റെ പേരും ഒന്നായതാണ് ഈ പിഴവിന് കാരണമെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.