മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

Jaihind News Bureau
Saturday, May 10, 2025

 


അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി പ്രതിപക്ഷ നേതാവ് ആശയവിനിമയം നടത്തി. അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ അറിയിച്ചു.

വിദ്യാര്‍ത്ഥികളുമായി ഇന്നലെയും ഇന്നും പ്രതിപക്ഷ നേതാവ് ഫോണില്‍ സംസാരിച്ചു. 240 ഓളം മലയാളി വിദ്യാര്‍ത്ഥികള്‍ കശ്മീര്‍, പഞ്ചാബ് മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയോടെ സ്ഥിതിഗതികള്‍ വഷളായെന്നും ഭീതിയിലാണ് കഴിയുന്നതെന്നും കുട്ടികള്‍ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ കുട്ടികളെ നാട്ടിലേക്ക് കൊണ്ടു പോയി തുടങ്ങിയെന്ന വിവരവും മലയാളി വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചത്.