ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ മലയാളികളായ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ബുധനാഴ്ച രാത്രി ജലേശ്വറിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണം.
രണ്ട് വര്‍ഷം മുന്‍പ് മരിച്ച ഒരു വിശ്വാസിയുടെ വീട്ടിലെ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് പുരോഹിതരും കന്യാസ്ത്രീകളും ഗ്രാമത്തിലെത്തിയത്. രാത്രി എട്ടുമണിയോടെ ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ എഴുപതോളം ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
പുരോഹിതരുടെ ബൈക്ക് തള്ളിയിട്ട അക്രമികള്‍ അവരെ മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. ഇവരുടെ മൊബൈല്‍ ഫോണുകളും ബലമായി പിടിച്ചെടുത്തു. അര മണിക്കൂറിന് ശേഷം സ്ഥലത്തെത്തിയ പോലീസ് സംഘമാണ് ഇവരെ രക്ഷിച്ചത്. മൊബൈല്‍ ഫോണുകള്‍ ഇനിയും തിരികെ ലഭിച്ചിട്ടില്ല. സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകാനാണ് പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും തീരുമാനം. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കു ശേഷമാണ് പുതിയ സംഭവം.