ഡൽഹിയിൽ സൂര്യാഘാതമേറ്റ് മലയാളി പോലീസുകാരൻ മരിച്ചു; നാലുപേർ ചികിത്സയിൽ

Wednesday, May 29, 2024

 

ഡല്‍ഹി: സ്ഥാനക്കയറ്റത്തിനുള്ള യോഗ്യതാ പരിശീലനത്തിനിടെ ഡൽഹിയിൽ മലയാളി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. വടകര സ്വദേശിയായ എഎസ്ഐ ബിനീഷാണ് മരിച്ചത്. കടുത്ത ചൂടിൽ നടന്ന പരിശീലനത്തെ തുടർന്ന് ബിനീഷിന് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ബോധരഹിതനാവുകയുമായിരുന്നു. പരിശീലനത്തിനിടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട മറ്റു നാല് ഉദ്യോഗസ്ഥർ ചികിത്സയിലാണ്.

ബഷീറാബാദിലെ പോലീസ് ട്രെയിനിംഗ് ക്യാമ്പില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പോലീസ് സംഘത്തിൽ ബിനേഷ് ഉൾപ്പെടെ 12  മലയാളികളാണുണ്ടായിരുന്നത്. ചൂടേറ്റു തളർന്നു തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ശുഭം ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ പശ്ചിംവിഹാർ ബാലാജി ആശുപത്രിയിലേക്കു മാറ്റി. അവിടെ വച്ചായിരുന്നു മരണം. മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടു പോകും.

കനത്ത ചൂടു കാരണം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഡൽഹിയിൽ ഉയർന്ന താപനില 49.9 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ഡൽഹിയിലെ മുങ്കേഷ്പുർ, നരേല തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നലെ ഉയർന്ന താപനില 49.9 രേഖപ്പെടുത്തി. ജൂൺ 1,2 തീയതികളിൽ പൊടിക്കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.