ഭരണാധികാരിമാര്‍ നേരിട്ട് വിളിച്ചു ; ഒരു ദിവസം അരലക്ഷം മാസ്‌കുകളും ഒരു ലക്ഷം സാനിറ്റൈസറുകളും നിര്‍മ്മിച്ച് യുഎഇയില്‍ മലയാളി കമ്പനിയുടെ കോവിഡ് പ്രതിരോധ ‘പോരാട്ടം’

B.S. Shiju
Monday, March 23, 2020

അബുദാബി : കൊറോണ വൈറസിനെ  നേരിടാനുള്ള യുഎഇ  സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് സഹായഹസ്തവുമായി ഗള്‍ഫ് മേഖലയിലെ മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പായ, വിപിഎസ് ഹെല്‍ത്ത്‌കെയര്‍ രംഗത്ത് വന്നു.  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ (ഒരു മില്യണ്‍ ദിര്‍ഹം) വിലമതിക്കുന്ന ആരോഗ്യ ശുചിത്വസാമഗ്രികള്‍ വിപിഎസ് ഹെല്‍ത്ത്‌കെയര്‍ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറി. ഹാന്‍ഡ് സാനിറ്റൈസറുകള്‍, മാസ്‌കുകള്‍, കയ്യുറകള്‍, വിറ്റാമിന്‍ ഗുളികകള്‍ തുടങ്ങിയവയാണ് കൈമാറിയതെന്ന് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ മലയാളി യുവ സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍, ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

മാസ്‌കുകള്‍ക്കും സാനിറ്റൈസറുകള്‍ക്കും ആവശ്യം വര്‍ദ്ധിക്കുന്നതിനിടെ വിദ്യാഭ്യാസ മന്ത്രാലയത്തിന്  ആശ്വാസം പകര്‍ന്നാണ്  വിപിഎസ് ഹെല്‍ത്ത് കെയറിന്റെ ഇടപെടല്‍. രാജ്യത്ത് ശുചിത്വ ഉല്പന്നങ്ങള്‍ക്കുള്ള ആവശ്യം വര്‍ധിച്ചുവരുന്നത് പരിഗണിച്ച് വിപിഎസ് ഹെല്‍ത്ത്‌കെയറിന്  കീഴിലെ ആരോഗ്യ ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനിയായ സിവ, അബുദാബി കിസാദില്‍ പുതിയ യൂണിറ്റും തുറന്നു. ഷാര്‍ജയിലും ദുബായിലെ ജബല്‍ അലിയിലുമുള്ള സിവയുടെ ഉല്‍പ്പാദനകേന്ദ്രങ്ങള്‍ക്ക് പുറമെയാണ് പുതിയ യൂണിറ്റ്. ഇതനുസരിച്ച്, അന്‍പതിനായിരം മാസ്‌കുകളും ഒരു ലക്ഷത്തിലധികം യൂണിറ്റ് സാനിറ്റൈസറുകളുമാണ് കമ്പനി ഒരു ദിവസം ഉല്‍പ്പാദിപ്പിക്കുന്നത്. ഇവ വിവിധ പൊതു- സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്തു വരുന്നു.  

അതേസമയം, രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ മന്ത്രാലയം മുന്നോട്ട് പോകുന്നതിനിടെയാണ് ഈ സഹായം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സുരക്ഷിത ചുറ്റുപാട് ഒരുക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ക്ക് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ നല്‍കിയ പിന്തുണ പ്രശംസനീയമാണെന്ന്  വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ അല്‍ ഹമ്മദി പറഞ്ഞു. ആഗോള നിലവാരത്തിലുള്ള ആരോഗ്യ സാഹചര്യം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരുക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. അതിനു നല്‍കിയ പിന്തുണയ്ക്ക് വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലിലിന് നന്ദിയുണ്ട്. വിദ്യാഭ്യാസരംഗത്തെ പുരോഗതിക്കായി വിവിധ പൊതു-സ്വകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മന്ത്രാലയം എല്ലായ്പ്പോഴും ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്  സാധ്യമായ എല്ലാ സഹായവും നല്‍കേണ്ടത്  ഓരോരുത്തരുടെയും  കടമയാണെന്ന് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. യുഎഇ സര്‍ക്കാരും ആരോഗ്യമന്ത്രാലയവും വൈറസ് ബാധ നിയന്ത്രിക്കാനുള്ള സജീവ പ്രവര്‍ത്തനങ്ങളിലാണെന്നും സ്വകാര്യ മേഖലയും സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.