സൗദിയില്‍ വാഹനാപകടം: ഉംറ കഴിഞ്ഞ് മദീനയിലേക്ക് പോയ മലയാളി കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം

Jaihind News Bureau
Sunday, January 4, 2026

മദീന: സൗദി അറേബ്യയിലെ മദീനക്ക് സമീപം ശനിയാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളി കുടുംബത്തിലെ നാലുപേര്‍ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്ന (40), മകന്‍ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് (73) എന്നിവരാണ് മരിച്ചത്.

ജിദ്ദയില്‍ നിന്നും ഉംറ നിര്‍വഹിച്ച ശേഷം മദീന സന്ദര്‍ശിക്കാനായി പോയതായിരുന്നു കുടുംബം. ഇവര്‍ സഞ്ചരിച്ചിരുന്ന ജി.എം.സി വാഹനം ജിദ്ദ-മദീന റോഡിലെ വാദി ഫറഹ എന്ന സ്ഥലത്തുവെച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഏഴുപേരില്‍ നാലുപേര്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

അപകടത്തില്‍ പരിക്കേറ്റ ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവരെ ഗുരുതര പരിക്കുകളോടെ മദീനയിലെ കിങ് ഫഹദ്, സൗദി ജര്‍മന്‍ എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ജലീലിന്റെ അടുത്തേക്ക് സന്ദര്‍ശക വിസയിലെത്തിയതായിരുന്നു ഭാര്യയും മക്കളും. ഉമ്മ മൈമൂനത്ത് ഉംറ വിസയിലുമാണ് സൗദിയില്‍ എത്തിയത്. മക്കയില്‍ ഉംറ നിര്‍വഹിച്ച ശേഷം മദീന സിയാറത്തിനായി പുറപ്പെട്ടതായിരുന്നു ഈ കുടുംബം. മദീന കെ.എം.സി.സി നേതാക്കളായ ഷഫീഖ്, ജലീല്‍, ഹഫ്സി, റഫീഖ്, മുബാറക്ക് എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രിയിലും മറ്റ് നിയമനടപടികള്‍ക്കുമായി രംഗത്തുണ്ട്.