ദുബായ് എമിഗ്രേഷൻ പുരസ്‌കാരം മലയാളിക്ക്

Jaihind News Bureau
Wednesday, January 15, 2020

ദുബായ്: യുഎഇ ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്‍റെ കീഴിലുള്ള ജി.ഡി.ആര്‍.എഫ്.എ , ദുബായിയുടെ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരം നേടിയവരില്‍ മലയാളിയും സ്ഥാനം നേടി. മലപ്പുറം ജില്ലയിലെ എടരിക്കോട് സ്വദേശി അസീസ് മണമ്മലാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. പുരസ്‌കാര വിജയികളിലെ ഏക ഇന്ത്യന്‍ സാന്നിധ്യം കൂടിയാണ് ഈ മുപ്പത്തിയഞ്ചുകാരന്‍. പന്ത്രണ്ട് വര്‍ഷമായി ദുബായ് എമിഗ്രേഷന്‍ ജീവനക്കാരനായ അസീസ്, വാര്‍ത്തകളും വിവരങ്ങളും പൊതുജനങ്ങള്‍ക്ക് എത്തിച്ചുകൊണ്ടുള്ള സ്തുത്യര്‍ഹ സേവനത്തിനാണ് പുരസ്‌കാര വിജയിയായത്. മുമ്പ് രണ്ടു തവണ എമിഗ്രേഷന്‍റെ ഏറ്റവും മികച്ച ജീവനക്കാരനുള്ള പുരസ്‌കാരം സ്വന്തമാക്കാനും ഇദ്ദേഹത്തിന് സാധിച്ചു.

പ്രവാസ ജീവിതത്തിന്‍റെ തിരക്കുകള്‍ക്കപ്പുറത്ത് കലാ, സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളിലും സജീവമാണ് അസീസ് . കോല്‍ക്കളി, ദഫ്മുട്ട്, വട്ടപ്പാട്ട് തുടങ്ങി വിവിധ മാപ്പിള കലാശാഖകളില്‍ അവഗാഹമുള്ള ഇദ്ദേഹം കേരള ഫോക്‌ലോര്‍ അക്കാദമി, മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.

പരേതനായ മുഹമ്മദ് ബാവ മണമ്മലിന്‍റെയും ഖദീജയുടെയും മകനാണ്. ഭാര്യ ഹസനത്ത്. മക്കള്‍ – മിസ്ഹബ്, ശിഫ ഫാത്തിമ.