പഹല്‍ഗാം ഭീകരാക്രമണത്തില്‍ മലയാളിയും; വിറങ്ങലിച്ച് രാജ്യം

Jaihind News Bureau
Wednesday, April 23, 2025

ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ബൈസരനില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു. ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രനാണ് മരിച്ചത്. ഇദ്ദേഹത്തെക്കൂടാതെ രാജസ്ഥാന്‍, തമിഴ്നാട്, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നെത്തിയ വിനോദസഞ്ചാരികളാണ് ആക്രമണത്തിനിരയായത്. പാകിസ്ഥാനില്‍ നിന്ന് ആക്രമണം നിയന്ത്രിച്ചത് ലഷിക്കര്‍ എ തയ്ബയുടെ കസൂരിയെന്നാണ് വിവരം. ആക്രമണത്തിനു പിന്നില്‍ ആറംഗ സംഘമാണെന്ന വിവരമാണ് പുറത്ത് വരുന്നത്. അതേസമയം. ബിജ് ബഹേര സ്വദേശി ആദില്‍ തോക്കര്‍ തീവ്രവാദ സംഘത്തിലുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ് സൈന്യം. പഹല്‍ഗാം, ബൈസരണ്‍, അനന്ത് നാഗ് മേഖലകളില്‍ പരിശോധന തുടരുകയാണ്.

ട്രക്കിങ്ങിനു മേഖലയിലേക്കു പോയവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. മേഖല സുരക്ഷാസേനയുടെ വലയത്തിലാണ്. വിനോദസഞ്ചാരികള്‍ പതിവായി എത്തുന്ന ബൈസരന്‍ താഴ്വരയിലാണ് ആക്രമണം നടന്നത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളികളും ഉണ്ടായിരുന്നു. കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹം ഡല്‍ഹിയിലേക്ക് എത്തിക്കും. അവിടെ നിന്ന് വിമാനം രാത്രി കൊച്ചിയിലെത്തിക്കും. ആക്രമണത്തില്‍ കൊച്ചിയിലെ നേവി ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി വിനയ് നേവല്‍ എന്നയാളും കൊല്ലപ്പെട്ടിട്ടുണ്ട്.