അന്ന് സണ്ണി ലിയോണിനെ എന്‍ജിനീയറിംഗ് റാങ്ക് ജേതാവാക്കി, ഇന്ന് അധ്യാപക ലിസ്റ്റില്‍ അനുപമ പരമേശ്വരന്‍; പുലിവാല് പിടിച്ച് ബിഹാറിലെ പിഴവുകള്‍

Friday, June 25, 2021

പട്ന : മലയാള ചലച്ചിത്ര താരം അനുപമ പരമേശ്വരന്‍റെ ചിത്രം ബിഹാർ അധ്യാപക യോഗ്യതാ പരീക്ഷാഫലത്തിൽ. ഋഷികേശ് കുമാര്‍ എന്നയാളുടെ ഫലത്തിലാണ് അനുപമയുടെ ചിത്രം തെറ്റായി കടന്നുകൂടിയത്. സമൂഹമാധ്യമങ്ങളില്‍ ഇത് വൈറലാവുകയും ചെയ്തു. 2019 ല്‍ ബിഹാർ ജൂനിയർ എൻജിനീയർ പരീക്ഷാ ഫലത്തിലുണ്ടായ പിഴവും ചര്‍ച്ചയായിരുന്നു. ബോളിവുഡ് താരം സണ്ണി ലിയോണിനായിരുന്നു അന്ന് ഒന്നാം റാങ്ക്.

സെക്കൻഡറി അധ്യാപക യോഗ്യതാ പരീക്ഷയെഴുതിയ ഋഷികേശ് കുമാറിന് പകരമാണ് ചലച്ചിത്ര താരം അനുപമയുടെ ചിത്രം തെറ്റായി ഇടംപിടിച്ചത്.  ഋഷികേശിന് ലഭിച്ച പരീക്ഷാ ഹാൾ ടിക്കറ്റിലും അനുപയുടെ ചിത്രമായിരുന്നു. പരാതി നല്‍കിയപ്പോള്‍ തിരുത്താമെന്ന് പറഞ്ഞെങ്കിലും പരീക്ഷാഫലം വന്നപ്പോഴും ചിത്രം അനുപമയുടേത് തന്നെ ആയിരുന്നു. ബിഹാറിലെ തമാശ സമൂഹമാധ്യമങ്ങളില്‍  ചര്‍ച്ചയായി. വിവാദമായതോടെ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2019ലെ എന്‍ജിനീയറിംഗ് റാങ്ക് ലിസ്റ്റില്‍ സണ്ണി ലിയോണ്‍ ഇടംപിടിച്ച  സംഭവത്തില്‍ കമ്പ്യൂട്ടറിനെ പഴിചാരിയായിരുന്നു അന്ന് മുഖം രക്ഷിക്കാന്‍ ശ്രമം നടത്തിയത്.