‘പിണറായി ഭക്തി പ്രകടിപ്പിക്കാൻ മലപ്പുറത്തെ ആയുധമാക്കി, നാടിനെയും ജനതയെയും അപമാനിച്ചു’; ജലീലിനെതിരെ രൂക്ഷവിമര്‍ശനവുമായി അനില്‍കുമാര്‍

 

മലപ്പുറം: കെ.ടി. ജലീലിനെതിരെ ‘മലപ്പുറം’ പരാമർശത്തിൽ രൂക്ഷവിമര്‍ശനവുമായി മലപ്പുറത്തെ കോൺഗ്രസ് നേതാവും വണ്ടൂർ എംഎൽ എയുമായ എ.പി. അനിൽകുമാർ രംഗത്ത്. പിണറായി ഭക്തി പ്രകടിപ്പിക്കാനുള്ള ആയുധമാക്കി മലപ്പുറം ജില്ലയെയും ജനങ്ങളെയും മാറ്റി എന്നുള്ളത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അനിൽകുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ഒരു നാടിനെയും ഒരു ജനതയെയും അപമാനിച്ചത്‌ ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അൻവർ ഉയർത്തിയ വിഷയങ്ങൾ കണ്ട് ആദ്യം നായക വേഷം കെട്ടി പോർട്ടൽ തുടങ്ങിയ ജലീൽ എം.വി ഗോവിന്ദൻ വിരട്ടിയപ്പോൾ മതേതരത്വത്തിന്‍റെയും പിണറായി ഭക്തിയുടെയും ആൾരൂപമാകാൻ ശ്രമിക്കുകയാണ്. ഗ്രീൻ ചാനലിലൂടെ സ്വർണ്ണം കടത്തിയതും അതിന് ഭരണപരമായ ഒത്താശ ചെയ്തുകൊടുത്തതും മലപ്പുറം ജില്ലയിലും കരിപ്പൂർ വിമാനത്താവളത്തിലും അല്ല എന്നുള്ള കാര്യം ജലീലിന് അറിയാമല്ലോ എന്നും  എ.പി. അനിൽകുമാർ ഓർമ്മിപ്പിച്ചു.

 

എ.പി. അനിൽകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;

പ്രിയപ്പെട്ട ജലീൽ താങ്കളുടെ ഫേസ്ബുക്ക് വായിച്ചു . താങ്കളുടെ പിണറായി ഭക്തി പ്രകടിപ്പിക്കാനുള്ള ആയുധമാക്കി മലപ്പുറം ജില്ലയെയും മലപ്പുറം ജില്ലയിലെ ജനങ്ങളെയും മാറ്റി എന്നുള്ളത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇവിടം ബാക്കി എല്ലാ സ്ഥലങ്ങളെയും പോലെ മനുഷ്യർ അധ്വാനിച്ച് ജീവിക്കുന്ന ഒരു നാട് തന്നെയാണ്. ഗ്രീൻ ചാനലിലൂടെ സ്വർണ്ണം കടത്തിയതും അതിന് ഭരണപരമായ ഒത്താശ ചെയ്തുകൊടുത്തതും മലപ്പുറം ജില്ലയിലും കരിപ്പൂർ വിമാനത്താവളത്തിലും അല്ല എന്നുള്ള കാര്യം ജലീലിന് അറിയാമല്ലോ ? സാധാരണ സിനിമകളിൽ നായകനും വില്ലനും രണ്ട് ദൗത്യങ്ങളാണ് നിർവഹിക്കുന്നത് എന്നാൽ അൻവർ ഉയർത്തിയ വിഷയങ്ങളുടെ ആരവം കണ്ട് ആദ്യം നായക വേഷം കെട്ടി പോർട്ടൽ തുടങ്ങി ശ്രദ്ധേയനാകാൻ ശ്രമിച്ചപ്പോൾ M V ഗോവിന്ദൻ വിരട്ടിയപ്പോൾ അത് മതിയാക്കി എന്നാൽ പിന്നെ മതേതരത്വത്തിന്റെയും പിണറായി ഭക്തിയുടെയും ആൾരൂപം ആകാം എന്ന് കരുതി മിർജാഫറിന്റെ പണി എടുക്കരുത് എന്നുള്ളതാണ് വിനീതമായ ഒരു അഭ്യർത്ഥന.

ഇന്ത്യയിൽ ഒരുപാട് സ്വർണ്ണക്കടകളുണ്ട് നിരവധി എയർപോർട്ടുകളും പോർട്ടുകളുമുണ്ട്. അവിടങ്ങളിലൂടൊക്കെയും നിയമവിരുദ്ധമായ പലതും നടക്കുന്നുണ്ടാവും അതൊക്കെ ഏതെങ്കിലും സമുദായത്തിന്റെ പേരിലാണോ ചാർത്തപ്പെടുന്നത്? രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങൾ ആയിട്ടല്ലേ കാണപ്പെടുന്നത്. അങ്ങനെ ഒരു രാജ്യത്തെ കുറ്റകൃത്യങ്ങളോ അല്ലെങ്കിൽ അത്തരം സംഭവങ്ങളോ തടയുന്നതിന് വേണ്ടി നിയമം നടപ്പിലാക്കേണ്ടവർ നട്ടെല്ല് വളയുകയും ഈ നിയമപാലകരോടൊപ്പം പങ്ക് കച്ചവടം നടത്തി ലാഭമുണ്ടാക്കുകയും കൊള്ളമുതലിന്റെ വീതം പറ്റുകയും ചെയ്യുന്നതിന് പകരം അത് കാര്യക്ഷമമായി നടപ്പിലാക്കിയാൽ തടയാവുന്നതേയുള്ളൂ എല്ലാ കള്ളക്കടത്തും. കള്ളക്കടത്ത് തടയുന്നതിന്റെ ഉത്തരവാദിത്വം മതമേലാധ്യക്ഷന്മാർക്കാണോ ?പകരം മതവിധി പറയാനാണെങ്കിൽ സാദിഖലി ശിഹാബ് തങ്ങൾ മാത്രമാക്കുന്നത് എന്തിന് ?എല്ലാ മതങ്ങളുടെയും മതമേലധ്യക്ഷന്മാർ മതവിധി പറഞ്ഞ് കുറ്റകൃത്യം നിയന്ത്രിക്കട്ടെ. താങ്കൾ നാടിനെയും ഒരു ജനതയെയും അപമാനിച്ചത്‌ ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്ന് ഓർമ്മിപ്പിക്കട്ടെ.”

Comments (0)
Add Comment